കൽപ്പറ്റ: മുനീറ അറിഞ്ഞിട്ടില്ല, ആറ്റുനോറ്റുണ്ടായ പുന്നാര മോൻ മിഹിസിൽ (3) ഇനിയില്ലെന്ന വിവരം. അവനൊന്നും പറ്റിയില്ലെന്നാണ് പുത്തുമലയിലെ ഉരുൾപൊട്ടലിൽ സാരമായി പിരക്കേറ്റ് വിംസ് ആശുപത്രിയിൽ കഴിയുന്ന മുനീറയോട് ഭർത്താവ് ഷൗക്കത്ത് പറഞ്ഞിരിക്കുന്നത്. പതിമ്മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മുത്തിനെ മലമുകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും വിഴുങ്ങിയെന്ന് എങ്ങനെ പറയും. പെറ്റ വയർ എങ്ങനെ അതു സഹിക്കും...
ബുധനാഴ്ച വൈകിട്ട് മലമുകളിൽ ചെറിയ തോതിൽ ഉരുൾ പാെട്ടിയിരുന്നു. താഴ്വാരത്തെ താമസക്കാരിൽ ചിലരെ നാട്ടുകാരിടപെട്ട് അപ്പോൾ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മുനീറയുടെ വീടിന്റെ അടുക്കളയോട് ചേർന്ന് ചെറിയ തോട് ഒഴുകുന്നുണ്ട്. മലമുകളിൽ രാത്രി ഉരുൾ പൊട്ടിയപ്പോൾ തോടിന്റെ ഒഴുക്ക് കൂടി. ഇനിയും വെള്ളമുയർന്നാൽ കുഞ്ഞിനെയും എടുത്ത് ഒാടാൻ മുനീറ നിശ്ചയിച്ചിരുന്നതുമാണ്. പക്ഷേ, വ്യാഴാഴ്ച വൈകിട്ട് മല ഒന്നാകെ കുത്തിയൊലിച്ചെത്തി പ്രദേശത്തെ വീടുകളെ അപ്പാടെ തുടച്ചുനീക്കി. അപകടത്തിൽ ബോധം നഷ്ടപ്പെട്ട മുനീറയ്ക്ക് ഇന്നലെ രാവിലെയാണ് ബോധം തെളിഞ്ഞത്. ഉടനേ തിരക്കിയത് കുഞ്ഞിനെയാണ്. അവന്റെ ചേതനയറ്റ ശരീരം മണ്ണിനടിയിൽ നിന്ന് രക്ഷാ പ്രവർത്തകർ ഇന്നലെ പുറത്തെടുത്ത് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇവർക്ക് ഒരു ചെറിയ ചായക്കടയുണ്ട്. അവിടെ ചായകുടിച്ച് ഇരിക്കുമ്പോഴാണ് ഉറക്കം വരുന്നുണ്ടെന്ന് അവൻ പറഞ്ഞത്. മകനെയും കൊണ്ട് മുനീറ വീട്ടിലേക്ക് പോയി. 'ഉമ്മ എന്നെ കെട്ടിപ്പിടിച്ച് കിടക്കോ, ഉറങ്ങാൻ പറ്റണില്ല്യ'ന്ന് അവൻ പറഞ്ഞു. അവനെ ഉറക്കുന്നതിനിടെ കുലംകുത്തിയെത്തിയ മലവെള്ളം എല്ലാം തകർത്തു...