വെല്ലൂർ:തമിഴ്നാട്ടിലെ വെല്ലൂർ ലോക്‌സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ ഡി. എം. കെ സ്ഥാനാർത്ഥി ഡി. എം. കതിർ ആനന്ദ് വിജയിച്ചു. എതിർ സ്ഥാനാർത്ഥി എ. ഡി. എം. കെയുടെ എ. സി. ഷൺമുഖത്തെ 8,141 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കതിർ തോൽപ്പിച്ചത്. ഡി. എം. കെയുടെ മുതിർന്ന നേതാവായ ദുരൈ മുരുകന്റെ പുത്രനാണ് കതിർ ആനന്ദ്.
ഇതോടെ തമിഴ്നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിൽ 38എണ്ണവും ഡി. എം. കെ നേടി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ മറ്റ് മണ്ഡലങ്ങൾക്കൊപ്പം വെല്ലൂരിലും ഏപ്രിൽ 18ന് തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ മണ്ഡലത്തിൽ പണം ഒഴുക്കുന്നതായി ആരോപണം ഉയരുകയും ഒരു ഡി. എം. കെ ട്രഷറർ കൂടിയായ കതിർ ആനന്ദിന്റെ കൂട്ടാളിയുടെ ഗോഡൗണിൽ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ദുരൈമുരുഗന്റെ കുടുംബത്തിന്റെ കോളേജിൽ നിന്ന് ഒരു സിമന്റ് ഗോഡൗണിലേക്ക് കള്ളപ്പണം കൊണ്ടു പോകുന്നതായി അറിഞ്ഞ ആദായനികുതി ഉദ്യോഗസ്ഥർ 11. 53 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതേതുടർന്ന് ഇലക്‌ഷൻ കമ്മിഷൻ വെല്ലൂരിലെ വോട്ടെടുപ്പ് റദ്ദാക്കുകയും പിന്നീട് ആഗസ്റ്റ് 5ന് നടത്താൻ നിശ്ചയിക്കുകയുമായിരുന്നു.
മൊത്തം 28 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ടി.ടി. വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും കമലഹാസന്റെ മക്കൾ നീതി മയ്യവും മത്സരിച്ചില്ല.
മുസ്ലീം സമുദായത്തിന് നല്ല സ്വാധീനമുള്ള മണ്ഡലത്തിൽ ബി. ജെ. പി വിരുദ്ധ പ്രചാരണം ഡി. എം. കെയ്‌ക്ക് ഗുണം ചെയ്‌തു. മുത്തലാഖ് നിരോധിച്ച കേന്ദ്ര സർക്കാരിന്റെ ബില്ലിനെ ആദ്യം അനുകൂലിച്ച എ. ഡി. എം. കെയ്‌ക്ക് അത് തിരിച്ചടിയായി.