തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് മുൻ സർവേ ഡയറക്‌ടർ ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് സമ്മതിച്ചു. എന്നാൽ അപകടമുണ്ടാകുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇയാളുടെ വിരലടയാളവും ശേഖരിച്ചിട്ടുണ്ട്.
അതേസമയം,താൻ കാറിടിച്ചല്ല വാഹനമോടിച്ചതെന്ന വാദം ശ്രീറാം ഹൈക്കോടതിയിലും ആവർത്തിച്ചു. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയിൽ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് മാദ്ധ്യമ വിചാരണയാണെന്നും ശ്രീറാം കോടതിയിൽ പറഞ്ഞു. കാറിന്റെ ഇടത് ഭാഗമാണ് തകർന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും ഇല്ല. ഇത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയിൽ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘമാണ് വ്യക്തമാക്കേണ്ടതെന്നാണ് ശ്രീറാം മറുപടി നൽകിയത്.
എന്നാൽ, ശ്രീറാം വാഹനം ഓടിച്ചത് അമിത വേഗത്തിലാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്. അപകടം ഉണ്ടാകാൻ സാധ്യത ഉള്ള കാര്യം അറിയാമായിരുന്നതിനാൽ ശ്രീറാമിനെതിരെ നരഹത്യാകുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.