ചെന്നൈ: കൊച്ചി ആസ്ഥാനമായുള്ള മൈൻഡ് മാസ്‌റ്റർ ടെക്‌നോളജീസ് പ്രൈവറ്റ്‌ ലിമിറ്റഡിന്റെ 'പി.ഐ.യു" മൊബൈൽ ടാക്‌സി ആപ്ളിക്കേഷൻ തമിഴ്‌നാട്ടിലെ ചെന്നൈയിലും മധുരയിലും അവതരിപ്പിച്ചു. സർക്കാർ നിശ്‌ചയിച്ച നിരക്കാണ് പി.ഐ.യു ടാക്‌സി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക. യാത്രികരുടെ സുരക്ഷയ്ക്കായി എസ്.ഒ.എസ് അടക്കമുള്ള സംവിധാനങ്ങളും ആപ്ളിക്കേഷനിലുണ്ട്. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ളാറ്റ്‌ഫോമുകൾ ആപ്പ് ലഭ്യമാണ്.

സാധാരണ ഓൺലൈൻ ടാക്‌സികൾ കമ്മിഷൻ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ, പി.ഐ.യുവിന്റെ പ്രവർത്തനം വ്യത്യസ്‌തമാണ്. സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് മാത്രമാണ് പി.ഐ.യു കാബ് ഡ്രൈവർ ആപ്ളിക്കേഷനിലുള്ളത്. ഡ്രൈവർ പ്രത്യേകം കമ്മിഷൻ കമ്പനിക്ക് നൽകേണ്ട. പകരം, പ്രതിമാസം 1,834 രൂപ വരിസംഖ്യ നൽകിയാൽ ഓടുന്ന പണം മുഴുവൻ ഡ്രൈവർക്ക് ലഭിക്കും. പ്രതിവർഷം 22,000 രൂപയാണ് വരിസംഖ്യ.

കേരളത്തിന് പുറമേ കർണാടക, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലും പി.ഐ.യു റൈഡർ ആപ്പ് അവതരിപ്പിച്ചിരുന്നു. രാജ്യത്തെ പത്ത് നഗരങ്ങളിൽ കൂടി ഉടൻ ആപ്പ് അവതരിപ്പിക്കുമെന്ന് ചെയർമാൻ കെ.ജി. ശിവദാസൻ നായർ പറഞ്ഞു. പി.ഐ.യുവിലെ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയടക്കമുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്. തമിഴ്‌നാട്ടിൽ പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്‌തംബർ ഏഴുവരെ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേർക്ക് ഐഫോൺ എക്‌സ് സമ്മാനമായി ലഭിക്കും. ഏറ്റവുമധികം പേർക്ക് ആപ്പ് റഫർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എൽജി ടിവിയും സ്വന്തമാക്കാം. സ്ഥിരം യാത്രികർക്ക് കാഷ്‌ബാക്ക് ഉൾപ്പെടെയുള്ള ആനുകൂല്യമുണ്ട്.