കൽപ്പറ്റ: വയനാട് മേൽപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായതിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും മണിക്കൂറുകൾക്ക് ശേഷം ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിച്ചു. അതേസമയം, പ്രദേശത്ത് നടത്തിയ തെരച്ചിലിൽ മൂന്ന് വയസുകാരന്റേത് അടക്കം എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനിയും നിരവധി പേരെ കാമാനില്ലെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനം ഉടൻ തന്നെ അവസാനിപ്പിക്കുമെന്നാണ് ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്നലെ രാത്രി പകൽ 3.30 ഓടെയാണ് വൻ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വന്നത്. ഈ സമയം എസ്‌റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. ചെരിഞ്ഞ പ്രദേശമാണിത്. എത്ര പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ഇനിയും ലഭ്യമല്ല. പ്രദേശത്തേക്കുള്ള എല്ലാ ഗതാഗതമാർഗവും തകർന്നതിനാൽ രക്ഷാപ്രവർത്തകർ ഇവിടേക്കെത്താൻ ഏറെ പ്രയാസപ്പെട്ടു. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് കാനനപാത വഴി രക്ഷാപ്രവർത്തകർ ഇവിടേക്ക് എത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുടെ ക്ഷാമം നേരിട്ടത് തിരിച്ചടിയായി. നിരവധി പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയും, സൈന്യവും, പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ഏതാനും ടൂറിസ്റ്റുകളും ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെയുണ്ടായിരുന്നതായാണ് വിവരം