1. അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ എന്ന മുന്നറിയിപ്പില്‍ 9 ജില്ലകളില്‍ റെഡ് അലര്‍ട്ടും 11 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പും. മഴ ശക്തമാകുന്നതിന് ഒപ്പം അണക്കെട്ടുകള്‍ തുറന്ന് വിടുന്നത് സാഹചര്യം ദുസഹം ആക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മാത്രം മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് 22 പേര്‍ക്ക്. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കും
2. കേരള തീരത്ത് തെക്ക്- പടിഞ്ഞാറ് ഭാഗത്തു നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് ഉണ്ടാകും എന്ന് കാലാവസ്ഥാ കേന്ദ്രം. മൂന്ന് മുതല്‍ മൂന്നര മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകും എന്നതിനാല്‍ കടലില്‍ പോകരുത് എന്ന് മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ ഭാഗത്ത് കാറ്റും തിരമാലയും ഉണ്ടാകും. തിരുവന്തപുരവും പാലക്കാടും ഒഴികെയുള്ള ജില്ലകളില്‍ അതിശക്തമായ കാറ്റ് വീശും എന്നും കാലാവസ്ഥാ കേന്ദ്രം
3. കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരിലെ കവളപ്പാറ, പതാര്‍ പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 30 ഓളം വീടുകള്‍ മണ്ണിന് അടിയിലായി. ഈ വീടുകളില്‍ താമസിച്ചിരുന്നവരെ കുറിച്ച് വിവരമില്ല. ഉരുള്‍പൊട്ടലില്‍ 20 അടിയില്‍ അധികം ഉയരത്തില്‍ റോഡില്‍ ചെളിയും വെള്ളവും നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ ഉച്ചയോടെ ആണ് പ്രദേശത്ത് എത്തിയത്. പാലക്കാട് നിന്നും എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം അല്‍പ സമയത്തിനകം പ്രദേശത്ത് എത്തും
4. മേഖലയില്‍ നിരന്തരം ഉണ്ടാകുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയില്‍ ആണ്. മലവെള്ള പാച്ചിലില്‍ കിലോമീറ്ററുകളോളം സ്ഥലം മുങ്ങി കിടക്കുക ആണ്. കനത്ത പേമാരിയില്‍ മലബാര്‍ മേഖല ഒറ്റപ്പെട്ടു. മലബാറില്‍ നിന്നും ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിറുത്തിവച്ചു. പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍പാതയിലെ ഗതാഗതവും റദ്ദാക്കിയതായി റെയില്‍ വെ അറിയിച്ചു
5. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്നതിനാല്‍ കുറ്റിപ്പുറത്തിനും ഷൊര്‍ണൂരിനും ഇടയിലെ ട്രെയിന്‍ സര്‍വീസ് നിറുത്തിവച്ചു. ഇപ്പോള്‍ ട്രെയിനുകള്‍ ഏത് സ്റ്റേഷനിലാണോ അവിടെ യാത്രക്കാരെ ഇറക്കാന്‍ ആണ് തീരുമാനം.
6. പ്രളയദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 22 കോടി അമ്പതു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുക അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് ആണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിത ബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അമ്പത് ലക്ഷം രൂപ ഉള്‍പ്പെടെ രണ്ടര കോടി രൂപയുമാണ് അനുവദിച്ചത്
7. തകര്‍ന്നു കിടക്കുന്ന തമിഴ്നാട്ടിലെ കോണ്ടൂര്‍ കനാല്‍ കേടുപാടുകള്‍ തീര്‍ത്ത് അടിയന്തരമായി പ്രവര്‍ത്തന ക്ഷമം ആക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിന് കത്തയച്ചു. കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്തുകയാണ്. പ്രളയം മൂലം നിറഞ്ഞുകവിയുന്ന ചാലകുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനും നാശനഷ്ടങ്ങള്‍ക്കും ഇത് ഇടയാക്കുകയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് കോണ്ടൂര്‍ കനാലിന്റെ അറ്റകുറ്റപണി നടത്തണമെന്ന് തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
8. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ അതി ശക്തമായ മഴ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 22 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 315 ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി കഴിയുന്നത് 23,000 പേര്‍. വയനാട്ടില്‍ ക്യാമ്പിലുള്ളത് 10,000ത്തോളം പേര്‍. കടല്‍ പ്രക്ഷുബ്ധം ആയതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. ദുരന്തം നേരിടാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലും സാഹചര്യം വിലയിരുത്താന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം. പെരിങ്ങല്‍കുത്ത്, കുറ്റിയാടി അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ബാണസുര സാഗര്‍ തുറക്കേണ്ടി വരും എന്നും മുഖ്യമന്ത്രി
9. ഏറ്റവും വലിയ ദുരന്തം വയനാട് മേപ്പാടിയില്‍ എന്ന് മുഖ്യമന്ത്രി. ജലക്ഷാമം രൂക്ഷമായിടത്ത് ടാങ്കറുകളില്‍ ശുദ്ധജലം എത്തിക്കും. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംവിധാനം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 13 സംഘങ്ങള്‍ എത്തിയിട്ടുണ്ട്. തകര്‍ന്ന ഗതാഗതം ഉടന്‍ പുനസ്ഥാപിക്കും. മദ്രാസ് റെജിമെന്റിന്റെ രണ്ട് ടീം എത്രയും വേഗം പാലക്കാട് എത്തും. രക്ഷാ പ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണത്തിനും സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലയില്‍ നിന്ന് ജനങ്ങളെ എത്രയും വേഗം മാറ്റി പാര്‍പ്പിക്കണം എന്ന് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിന്റെ അനുഭവം ഉള്‍ക്കൊണ്ടു കൊണ്ട് രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണം. മലയോര മേഖലയിലെ വിനോദ സഞ്ചാരം ഒഴിവാക്കണം
10. വെള്ളം കയറുമെന്ന് ഭയപ്പെടുന്ന മേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണം. സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൊച്ചി വിമാന താവളം അടച്ചതിനാല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറക്കണം. യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തുന്നു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ട സ്റ്റേഷനുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വീസ് നിറുത്തിവച്ചു. സഹായത്തിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാണ്. പ്രളയ ബാധിത മേഖലകളിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി. എല്ലാ ജില്ലകളിലും വിളിക്കേണ്ടത് 1077 എന്ന ഒറ്റ നമ്പര്‍. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സജ്ജം എന്നും പ്രതികരണം
|
|
|