ശ്രീനഗർ: ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന താർ എക്സ്‌പ്രസിന്റെയും സർവീസ് നിറുത്തിവയ്ക്കുമെന്ന് പാക് സർക്കാർ. ജോധ്പൂരിനെയും ലഹോറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് താർ. ദേശീയ തലസ്ഥാനമായ ഡൽഹിയെ പാകിസ്ഥാനിലെ ലാഹോറുമായി ബന്ധിപ്പിക്കുന്ന സംത്ധൗദ എക്സ്‌പ്രസും ഇന്നലെ നിറുത്തിവച്ചിരുന്നു. പാകിസ്ഥാനിലെ ഖോക്രപാർ പട്ടണത്തെയും ഇന്ത്യയിലെ മൊണബാവോയെയും തമ്മിൽ ബന്ധിപ്പിച്ച് പ്രതിവാര സർവീസ് നടത്തുന്ന താർ എക്സ്‌പ്രസ് അടച്ചുപൂട്ടാൻ തീരുമാനിച്ചതായി പാകിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് റഷീദിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. താൻ റെയിൽവേ മന്ത്രിയായിരിക്കുന്നിടത്തോളം കാലം പാകിസ്ഥാനും ഇന്ത്യയ്ക്കും ഇടയിൽ ഒരു ട്രെയിനും പ്രവർത്തിക്കില്ലെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു. സംത്ധൗദ എക്സ്‌പ്രസ് നിറുത്തിവച്ചതിനു പുറമേ ബോളിവുഡ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതും പാകിസ്ഥാൻ നിരോധിച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനും കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റിയതിനും പിന്നാലെ, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുമെന്നും വാണിജ്യബന്ധം അവസാനിപ്പിക്കുമെന്നും പാകിസ്ഥാൻ അറിയിച്ചിരുന്നു. മാത്രമല്ല, പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെയും പാകിസ്ഥാൻ പുറത്താക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സംത്ധൗയ്ക്ക് പിന്നാലെ താർ എക്സ്‌പ്രസിന്റെയും പ്രവർത്തനം നിറുത്തിവച്ചത്. അതേസമയം, പുതിയ നീക്കങ്ങളുടെ ഭാഗമായി പാക് ജയിലിലുള്ള ഇന്ത്യൻ പൗരനായ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് കോൺസുലർ പ്രവേശനം നൽകാമെന്ന വാഗ്ദാനവും പാകിസ്ഥാൻ തിരിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.
''മോശം സംഭവങ്ങളൊഴിവാക്കാൻ ഞങ്ങൾ 200 യാത്രക്കാരെ ഒരു കുപ്പി വെള്ളവുമായി രാത്രി 11.55ഓടെ സീറോ ലൈനിൽനിന്ന് യാത്രയാക്കിയിട്ടുണ്ട്. ഇതിവിടെ കഴിഞ്ഞു, ഇനിയില്ല." - ഷെയ്ഖ് റഷീദ്
ഗോരഖ്പൂരിനും കറാച്ചിക്കുമിടയിലെ പ്രതിവാര ട്രെയിൻ
കറാച്ചി-പെഷവാർ റെയിൽവേ സ്റ്റേഷനിൽനിന്ന് തുടക്കം
ഹൈദരാബാദ്- ഗൊരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ അവസാനം
381 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നത് 7 മണിക്കൂറും 5 മിനിട്ടുംകൊണ്ട്
2006ലാണ് ആദ്യസർവീസ്
റെയിൽവേ ബോർഡ് മുൻ ഉപദേഷ്ടാവ് അശോക് ഗുപ്തയും പാക് പ്രതിനിധി മുഷ്താഖ് ഖാൻ ജാദൂനുമാണ് കരാറിൽ ഒപ്പുവച്ചത്