തിരുവനന്തപുരം. കോടതിവിധി നടപ്പാക്കത്തതിന്റെ പേരിൽ കേരള സർക്കാരിനെ പ്രതിസ്ഥാനത്തു നിറുത്തുന്നത് മലങ്കര ഒാർത്തഡോക്സ് സഭയുടെ നയമല്ലെന്ന് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ബാബു പാറയിൽ (തിരുവനന്തപുരം) പ്രസ്താവനയിൽ പറഞ്ഞു. ഏഴുദിവസത്തിനകം കോടതിവിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുമ്പോട്ട് പോകുമെന്നുള്ള സഭാ സെക്രട്ടറിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ ഒൗദ്യോഗിക സമിതികളിൽ ഒന്നും ആലോചിക്കാതെ സഭാ സെക്രട്ടറി ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് അയച്ചതിലും പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഏതെങ്കിലും സഭാസ്ഥാനിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള വേദിയല്ല സഭ എന്നും മാനേജിംഗ് കമ്മിറ്റി അംഗം പറഞ്ഞു. സഭയ്ക്ക് അർഹമായ നീതി ലഭിച്ചേ മതിയാവൂ. കോടതി വിധികൾ നടപ്പാക്കണം. എന്നാൽ അതിന്റെ പേരിൽ സർക്കാരിനെതിരെ നടപടിയുമായി പോകേണ്ടതില്ല. വിധി നടപ്പാക്കിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നു വിധി പ്രസ്താവിച്ച കോടതികൾക്കറിയാം. കോടതി വിധികൾ നടപ്പാക്കുന്നതിന് സർക്കാർ എതിരല്ല. കോലഞ്ചേരി, വരിക്കോലി, നെട്ടൂർ, ആലുവ തൃക്കുന്നത്ത് സെമിനാരി, പെരുമ്പാവൂർ , കട്ടച്ചിറ തുടങ്ങിയ പതിനഞ്ചോളം പള്ളികളിൽ ഇതിനകം കോടതിവിധികൾ നടപ്പാക്കിക്കഴിഞ്ഞു. ഇവിടെയെല്ലാം സഭയുടെ നിലപാടിനെ സർക്കാർ പൂർണമായി അംഗീകരിച്ചിരിക്കുന്നതും പിന്തുണയ്ക്കുന്നതും കണ്ടില്ലെന്ന് നടിക്കുവാൻ സാധിക്കുകയില്ല. മറ്റിടങ്ങളിലും എതിർപ്പുകൾ അതിജീവിച്ചും പരമാവധി സംഘർഷങ്ങൾ ഒഴിവാക്കിയും വിധി നടപ്പാക്കുവാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ധൃതിവച്ച് അന്ത്യശാസനം നൽകി നോട്ടീസ് നൽകിയിരിക്കുന്നത് സദ്ദുദ്ദേശ്യത്തോടുകൂടിയാണ് എന്നുപറയുവാൻ സാധിക്കുകയില്ല. സംഘർഷങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ അതൊഴിവാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സാവകാശം അനുവദിക്കാതെ അവർക്കെതിരെ നിയമ നടപടികളുമായി നീങ്ങുവാൻ സഭയുടെ ഒരു സമിതിയിലും തീരുമാനിച്ചിട്ടില്ല. സംഘർഷം നിലനിന്നിരുന്ന കട്ടച്ചിറ, പെരുമ്പാവൂർ തുടങ്ങിയ പള്ളികൾ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് സമാധാനപരമായി ഒാർത്തഡോക്സ് സഭയുടെ കൈവശം വന്നുചേർന്നത് എന്ന കാര്യം വിസ്മരിക്കരുതെന്ന് ബാബു പാറയിൽ പറഞ്ഞു.കാലാകാലങ്ങളിൽ വരുന്ന സർക്കാരുകളെ ശത്രുപക്ഷത്തു നിറുത്തുന്ന രീതി അവസാനിപ്പിച്ചേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.