kerala-flood-2019
kerala flood 2019

കോളനികളിൽ ഒറ്റപ്പെട്ട് നിരവധി പേർ

ഒറ്റപ്പെട്ട് ദുരിത ബാധിത മേഖലകൾ

മലപ്പുറം : അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും ജില്ല നേരിടുന്ന അതീവ ഗുരുതരമായ അവസ്ഥ. ഒമ്പതു പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്നേക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിലമ്പൂർ മേഖലയിലുണ്ടായ വ്യാപകമായ ഉരുൾപൊട്ടലുകളിൽ മണ്ണിടിഞ്ഞ് 130ലേറെ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വെള്ളം കയറി ഒറ്റപ്പെട്ട പ്രദേശങ്ങളിലും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും കനത്ത മഴയും എത്തിപ്പെടാൻ പ്രയാസമുള്ള മേഖലയാണെന്നതും തടസങ്ങൾ സൃഷ്ടിക്കുന്നു. ജില്ലയിൽ ഇന്നും റെ‌‌ഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭീതിജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

ഭൂദാനം മുട്ടപ്പൻകുന്നിലെ ഉരുൾപൊട്ടലിൽ ഒരു കുട്ടിയും കവളപ്പാറയിൽ മൂന്നു പേരും മരിച്ചു. എടവണ്ണയിൽ വെള്ളം കയറി വീട് തകർന്ന് ഭാര്യയും ഭർത്താവും രണ്ടുമക്കളുമടക്കം നാലുപേരും അരീക്കോട് പെട്രോൾ പമ്പിൽ വെള്ളം കയറി ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളിയും മരിച്ചു. മലപ്പുറം കുന്നുമ്മൽ കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് കുടുങ്ങിയ നാലോളം പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

പോത്തുകല്ല് ഭൂദാനം, കവളപ്പാറ, വഴിക്കടവ് ആനമറി എന്നിവിടങ്ങളിൽ ഇന്നലെ രാത്രിയാണ് അതിശക്തമായ ഉരുൾപൊട്ടലുണ്ടായത്. ഭൂദാനത്ത് എൺപതോളം പേരും കവളപ്പാറയിൽ അമ്പതിലേറെപ്പേരും കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. നിരവധി വീടുകൾ മണ്ണിനടിയിലായിട്ടുണ്ടെന്നാണ് വിവരം. വെള്ളം കയറി ഒറ്റപ്പെട്ട വിവിധ കോളനികളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഗതാഗത മാർഗ്ഗങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഇല്ലാതായത് വലിയ പ്രതിസന്ധി തീർക്കുന്നു. വൈകിട്ടോടെ ദേശീയ ദുരന്ത നിവാരണ സംഘത്തെയെത്തിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട് .

വഴിക്കടവ് ആനമറിയിൽ മണ്ണിടിച്ചിലിൽ കാണാതായ സഹോദരിമാരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ആനമറി പാറക്കൽ വീട്ടിൽ സാജിതയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കവളപ്പാറയിൽ കാണാതായ പട്ടേരി തോമസ് എന്ന തൊമ്മന്റെ നാലുവയസുകാരിയായ മകളുടെ മൃതദേഹവും കണ്ടെടുത്തു.

എടവണ്ണയിൽ ചാലിയാർ പുഴയ്ക്ക് സമീപം വെള്ളം കയറി വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. എടവണ്ണ കുണ്ടുതോട് ചളിപ്പാടം റോഡിൽ കുട്ടശ്ശേരി മുഹമ്മദിന്റെ മകൻ യൂനസ് ബാബു (40), ഭാര്യ നുസ്രത്ത് (35), മക്കളായ ഫാത്തിമ സന(10), മുഹമ്മദ് ഷാനിൽ (ഏഴ്) എന്നിവരാണ് മരിച്ചത്. മറ്റു മക്കളായ മുഹമ്മദ് ഷാമിൽ (15), മുഹമ്മദ് ഷഹീം (13) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. പ്രളയത്തെ തുടർന്ന് ചാലിയാർ പുഴ കര കവിഞ്ഞ് ഇവരുടേതടക്കം നിരവധി വീടുകളിൽ വ്യാഴാഴ്ച രാത്രി തന്നെ വെള്ളം കയറിയിരുന്നു. പ്രദേശത്തെ 25 കുടുംബാംഗങ്ങളെ യൂനസിന്റെ വണ്ടൂർ പുളിക്കലിലെ അമ്മാവന്റെ മകൻ മുനീറിന്റെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. യൂനസ് ബാബുവിനോട് കുടുംബത്തോടൊപ്പം ഇങ്ങോട്ട് മാറാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചെന്നാണ് വിവരം. നാലു മക്കളെ യൂനുസ് ബാബു പിതൃസഹോദര പുത്രനായ തുഫൈലിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. വെള്ളം വൻതോതിൽ കയറുന്നത് കണ്ട് തങ്ങളുടെ ആധാർ കാർഡടക്കമുള്ള രേഖകൾ എടുക്കാൻ വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു കുട്ടികൾ. ഇവിടെ വൻ വെള്ളക്കെട്ടായതിനാൽ കുടുംബം ഒന്നിച്ച് പുതുതായി പണി നടക്കുന്ന വീടിന്റെ മുകളിലെ നിലയിലേക്ക് കയറി. ഈ സമയം നിലംപൊത്തിയ വീടിനുള്ളിൽ അകപ്പെട്ടാണ് നാലു പേരുടെയും ദാരുണാന്ത്യം.അരീക്കോട് പെട്രോൾ പമ്പിൽ വെള്ളം കയറി ആലപ്പുഴ സ്വദേശി സോമൻ (60) മരിച്ചു. രാത്രി പമ്പ് പ്രവർത്തനം നിറുത്തിവച്ച് സ്ഥിരം ഉറങ്ങാറുള്ള മുറിയിൽ കിടക്കുകയായിരുന്നു. അർദ്ധരാത്രിയോടെ മുറിയിൽ വെള്ളം കയറി. പുറത്തിറങ്ങാനാവാതെയായിരുന്നു മരണം.

82 ക്യാമ്പുകൾ, 12,000ത്തോൾ പേർ

നിലവിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 12000 ത്തിലധികം പേർ താമസിക്കുന്നതായി മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. നിലമ്പൂർ, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ഏറെയും തുറന്നിട്ടുള്ളത്, കൂടാതെ കൊണ്ടോട്ടി, ഏറനാട്, തിരൂർ, പൊന്നാനി താലൂക്കിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിരവധി പേർ ബന്ധുവീടുകളിലേക്കും മാറി