കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര മൈലത്ത് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റു.
പിക്കപ്പ് വാനിന്റെ ഡ്രൈവർ തൊടുപുഴ ഉടുമ്പന്നൂർ കാഞ്ഞിരമലയിൽ സിജോ തോമസാണ് (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7ന് മൈലത്തിനും ഇഞ്ചക്കാടിനും ഇടയിലാണ് അപകടമുണ്ടായത്.
നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് മുന്നിൽപ്പോയ ലോറിയെ മറികടക്കാനൊരുങ്ങവെ എതിർദിശയിൽ നിന്നുവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. റബ്ബറിന് തളിക്കുന്ന ഫോമിക് ആസിഡുമായി അടൂരിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വന്നതായിരുന്നു പിക്കപ്പ് വാൻ.
അപകടത്തിൽ പിക്കപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതിനുള്ളിൽ പെട്ടുപോയ സിജോ തോമസിനെ പുറത്തെടുക്കാൻ രണ്ടുമണിക്കൂറോളമെടുത്തു. കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം സിജോയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പത്തനാപുരത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം വളരെയേറെ പരിശ്രമിച്ച് സിജോയെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആസിഡ് കൊണ്ടുവന്ന വാഹനമായതിനാൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കൊട്ടാരക്കര നീലേശ്വരം തിരുവോണത്തിൽ രഞ്ജിത്തിന് ശ്വാസ തടസം അനുഭവപ്പെട്ടു. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആയൂർ ഒഴുകുപാറയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ രാജുക്കുട്ടി (65), ആയൂർ ഇളമാട് അമ്പലത്തുംകാലയിൽ ഉണ്ണിക്കൃഷ്ണൻ (50), കല്ലറ മിതൃമല വി.ആർ ഭവനത്തിൽ രഘുവരൻ പിള്ള (60), കൊട്ടാരക്കര തൃക്കണ്ണമംഗൽ മേലൂട്ട് വീട്ടിൽ മുരളീധരൻപിള്ള (54), ഇടയം സിന്ധു മന്ദിരത്തിൽ മാളു (34), വാമനപുരം കോട്ടുകുന്നം ദീപാഭവനത്തിൽ നിഷ (32), തിരുവനന്തപുരം പേട്ട ഭാഗീരഥത്തിൽ അനി (40), കോട്ടാത്തല ബിജുഭവനിൽ സരസ്വതി (70), ബിജു (32), തൃക്കണ്ണമംഗൽ അനന്ദഭവനത്തിൽ തമ്പി (55), കുണ്ടറ കുമ്പളം അഖിൽ നിവാസിൽ അമൽ (28), കോട്ടുക്കൽ നെടുംപുറം ഷിബുഭവനിൽ ഷിജുലാൽ (30), കരിക്കോട് പേരൂർ തട്ടാർകോണം ഡി.എസ് നിവാസിൽ സജീവ് (44), ബസ് ഡ്രൈവർ നെയ്യാറ്റിൻകര ഓലത്താനി ക്രൈസ്റ്റ് നിവാസിൽ അനിൽദാസ് (45), കണ്ടക്ടർ നെയ്യാറ്റിൻകര ശ്യാമ മോഹനത്തിൽ ശ്യാമള (45), കൊട്ടാരക്കര പുലമൺ കുന്നത്ത് വീട്ടിൽ ജോൺ പി. ഫിലിപ്പ് (45), തിരുവനന്തപുരം കുമാരപുരം ടി.സി 14, 615ൽ ഡോ. ലക്ഷ്മി (28), അഞ്ചൽ ഗ്രേസി ഹൗസിൽ ജിനി ഫിലിപ്പോസ് (27), കോതമംഗലം ചേലാട് പാലത്തിങ്കൽ വീട്ടിൽ ഹാഹിൻ (45), മുറിപ്പാലം പട്ടം ഐശ്വര്യ ഭവനിൽ ബെൻ (25), അഞ്ചൽ വയല ചരുവിള കിഴക്കതിൽ അമോസ് (25), തൃക്കണ്ണമംഗൽ മേലൂട്ട് വീട്ടിൽ മുരളീധരൻ പിള്ള (47), പിക്കപ്പ് വാനിലെ സഹായി ഹാബേൽ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഹാബേലിനെ സാരമായ പരിക്കുകളോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.