തിരുവനന്തപുരം: കേരളത്തിൽ പ്രളയഭീതി നേരിടുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. നിരവധി വാർത്തകളാണ് ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്ന വിധത്തിൽ പ്രചരിക്കുന്നത്. നാളെ കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു, എ.ടി.എമ്മുകളിൽ പണം തീരാൻ പോകുന്നതിനാൽ ഉടനെ പോയി പണം പിൻവലിക്കുക, പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം നേരിടുന്നു അതിനാൽ പരമാവധി പെട്രോളടിച്ചു വയ്ക്കുക തുടങ്ങിയ വ്യാജപ്രചാരണമാണ് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത്.
എന്നാൽ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പെട്രോൾ ലഭ്യമല്ലാത്തതിനാൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന വ്യാജ വാർത്ത വ്യാജമാണെന്ന് പെട്രോൾ കമ്പനികൾ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് കീഴിലെ വിവിധ വകുപ്പുകളും ഏജൻസികളുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ജനജീവിതത്തെ ബാധിക്കുന്ന ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഫേസ്ബുക്ക് പേജുകളിലൂടേയും മറ്റും തത്സമയം അറിയിപ്പായി വരുന്നുമുണ്ട്. അത്തരം വാർത്തകൾ മാത്രം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
നാളെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന വ്യാജവാർത്ത വിശ്വസിക്കരുതെന്ന് വൈദ്യുതിമന്ത്രി എംഎം മണി വ്യക്തമാക്കി. ജനങ്ങളുടെ ഭയപ്പെടുത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അത്തരത്തിലുള്ളവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കേരളാ പൊലീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.