flood-
വയനാട് പുത്തുമലയിൽ ഉരുൾപൊട്ടിയ പ്രദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയതുല്യമായ ദുരിതം വിതച്ച് തുടരുന്ന മഴക്കെടുതികളിൽ ഇന്നലെ മാത്രം 33 പേർ മരിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 44 ആയി. വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ അകപ്പെട്ടവരിൽ ഒൻപതു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾ ആശുപത്രിയിൽ മരിച്ചു. മലയുടെ ഒരു ഭാഗം കുത്തിയൊലിച്ചുണ്ടായ ദുരന്തത്തിൽ മുപ്പതോളം പേരെ കാണാതായി. തോരാമഴയിൽ രക്ഷാപ്രവർത്തനം അസാദ്ധ്യമായതോടെ ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്റെയും തിരച്ചിൽ ഇന്നലെ വൈകിട്ടോടെ നിറുത്തി.

വയനാട്ടിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ഇന്നലെയും തുടരുന്നതിനിടെ,​ മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ സമാനമായ രീതിയിൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒൻപതു പേരുടെ മരണം സ്ഥിരീകരിച്ചു. നൂറ്റിമുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഉരുൾപൊട്ടലിൽ നൂറ് ഏക്കറോളം സ്ഥലവും 41 വീടുകളും പൂർണമായും ഒലിച്ചുപോയി.

തൃശൂർ ചാവക്കാട് പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കു പോകവേ തോണി മറിഞ്ഞ് വിയ്യൂർ കെ.എസ്.ഇ.ബി ഓഫീസിലെ അസി. എൻജിനിയർ കെ.എ ബൈജു (44) മരിച്ചു. തൃശൂരിൽത്തന്നെ നെടുമ്പാൾ കാരിക്കുറ്റി പാടത്ത് ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മറ്റൊരാളും മരിച്ചു. കോഴിക്കോട്ട് നാദാപുരത്തിനടുത്ത് വിലങ്ങാട് മലയിൽ ഉരുൾപൊട്ടി നാലു പേരും,​ മൂന്നിടത്തായി വെള്ളക്കെട്ടിൽ വീണ് നാലു പേരും ഉൾപ്പെടെ എട്ടുപേർ മരിച്ചു. വ്യാഴാഴ്ച അർദ്ധരാത്രി കഴിഞ്ഞായിരുന്നു ദുരന്തം. കോട്ടയം കടുത്തുരുത്തിയിലും കണ്ണൂരിലും ഓരോരുത്തരും,​ ഇടുക്കിയിൽ രണ്ടുപേരും മഴക്കെടുതികളിൽ മരണമടഞ്ഞു.

വയനാട്,​ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ വൈകുംവരെ സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 5,748 കുടുംബങ്ങളിലെ 64,013 പേർ ക്യാമ്പുകളിലാണ്. ഏറ്റവുമധികം പേർ ക്യാമ്പുകളിലുള്ള വയനാട് ജില്ലയിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഒന്നര ലക്ഷം പേരെ ഇന്ന് മാറ്റിപ്പാർപ്പിക്കും. ഇതിനായി പ്രത്യേകം ക്യാമ്പുകൾ ഒരുക്കും. വിവിധ ജില്ലകൾക്ക് അടിയന്തര സഹായമായി സർക്കാർ 22.5 കോടി അനുവദിച്ചു.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് റോഡ്,​ ട്രെയിൻ,​ വ്യോമ ഗതാഗതം താറുമാറായി. നെടുമ്പാശേരി വിമാനത്താവളം നാളെ ഉച്ചവരെ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ഇന്നു പുറപ്പെടേണ്ട പന്ത്രണ്ടു വിമാനങ്ങൾ തിരുവനന്തപുരത്തു നിന്നായിരിക്കും പുറപ്പെടുക. കൊച്ചി നാവികസേനാ വിമാനത്താവളത്തിലും യാത്രാവിമാനങ്ങൾക്കായി അടിയന്തര സൗകര്യമൊരുക്കിയിരുന്നു. സംസ്ഥാനത്ത് റെയിൽ ഗതാഗതം പാടെ തടസപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ ഇന്നലെ വൈകിട്ടോടെ നിർത്തിവച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്നു രാവിലെ വരെ നിർത്തിയിരിക്കുകയാണ്.

വടക്കൻ മേഖലകളിൽ റോഡുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടിൽ നിന്ന് മറ്റു ജില്ലകളിലേക്കും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുമുള്ള ഗതാഗതം മുടങ്ങിയതോടെ ജില്ല പൂർണമായും ഒറ്റപ്പെട്ട മട്ടിലായി. താമശ്ശേരി ചുരംവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.

മഴ ശക്തമായി തുടർന്നാൽ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് ഏതു നിമിഷവും തുറന്നേക്കുമെന്ന് വൈദ്യുതി ബോർഡ് മുന്നറിയിപ്പു നൽകി. വെള്ളം മൂന്നര മീറ്റർ കൂടി ഉയർന്നാൽ ഡാമിന്റെ സംഭരണ ശേഷി കവിയും. ഇടുക്കി,​ എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, വയനാട്,​ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു നടക്കേണ്ടിയിരുന്ന ആലപ്പുഴ നെഹ്രുട്രോഫി വള്ളംകളി വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവച്ചു.