ശാസ്താംകോട്ട: കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ വിശാഖിന് (22) പൂർണ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട് വിടചൊല്ലി. ഇന്നലെ രാവിലെ 10ന് ജന്മ നാട്ടിലെത്തിച്ച മൃതദേഹം, വിശാഖിന്റെ വിദ്യാലയമായ പോരുവഴി കമ്പലടി ഗവ. എൽ. പി സ്കൂളിൽ പൊതു ദർശനത്തിന് വെച്ചു. 12 മണിയോടെ വീട്ടിലെത്തിച്ചു. ശക്തമായ മഴയിലും ആയിരങ്ങളാണ് സൈനികനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തിരക്ക് കാരണം ഒരു മണിക്ക് ശേഷമാണ് സംസ്കാരചടങ്ങുകൾ ആരംഭിച്ചത്. പൊലീസും സൈനികരും അന്ത്യോപചാരം അർപ്പിച്ചു. പിന്നീട് വീട്ടു വളപ്പിൽ സംസ്കരിച്ചു. പോരുവഴി കമ്പലടി തോട്ടത്തിൽ കിഴക്കതിൽ വിജയകുമാറിന്റെയും ശ്യാമളയുടെയും മകനായ വിശാഖ് രണ്ട് വർഷം മുമ്പാണ് സൈന്യത്തിൽ പ്രവേശിച്ചത്. കാശ്മീരിലെ ഉറി സെക്ടറിൽ വച്ചാണ് വെടിയേറ്റത്. സഹോദരൻ വിമലും സൈനികനാണ്.
തേങ്ങലോടെ ആയിരങ്ങൾ
കാശ്മീരിൽ വെടിയേറ്റ് മരിച്ച സൈനികൻ വിശാഖിന് അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സോമപ്രസാദ്, എൻ.കെ. പ്രേമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, പാണക്കാട് കേശവപിള്ള, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അരുണാമണി, എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, തഹസിൽദാർ ബി. ലിസി, ഡിവൈ.എസ്.പി നാസറുദ്ദീൻ, സി.ഐമാരായ വി. പ്രശാന്ത്, വി. ജയചന്ദ്രൻ പിള്ള തുടങ്ങിയവർ വിശാഖിന് അന്തിമോപചാരമർപ്പിച്ചു.