തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ഇന്റർക്ളബ് അത്ലറ്റിക്സിൽ കോതമംഗലം മാർ അത്തനേഷ്യസ് സ്‌പോർട്സ് അക്കാഡമി ഓവറാൾ ചാമ്പ്യൻമാരായി. ആദ്യ ദിനം മുതൽ എതിരാളികളെ പിന്നിലാക്കി കുതിപ്പ് തുടങ്ങിയ എം.എ അക്കാഡമി 243 പോയിന്റ് നേടിയാണ് കിരീടത്തിൽ മുത്തമിട്ടത്. 209.99 പോയിന്റുമായി മലബാർ സ്പോർട്സ് അക്കാഡമി രണ്ടാം സ്ഥാനവും 207.5 പോയിന്റുമായി തിരുവനന്തപുരം സായ് മൂന്നാം സ്ഥാനവും നേടി.
ആദ്യ ദിനം എം.എക്കൊപ്പം പൊരുതി നിന്ന തിരുവനന്തപുരം സായ്‌യെ രണ്ടാം ദിനം പിന്തള്ളി മലബാർ സ്പോർട് അക്കാഡമി രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇന്നലെയും ലീഡ് നിലനിറുത്തിയ മലബാർ സ്പോർട്സ് അക്കാഡമി രണ്ടാം സ്ഥാനം ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ സ്വന്തമാക്കുകയായിരുന്നു.
14 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കെ.പി. തോമസ് മാഷ് അക്കാഡമി പൂഞ്ഞാർ (23പോയിന്റ്) ഒന്നാം സ്ഥാനം നേടി, അത്‌ലറ്റിക്സ് അക്കാഡമി തിരുനെല്ലി (14 പോയിന്റ്), എക്‌സെൽ അത്‌ലറ്റിക് ക്ലബ് തൃശൂർ (13 പോയിന്റ്) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ 32 പോയിന്റുമായി പുല്ലൂരാംപാറ മലബാർ സ്‌പോർട്സ് അക്കാഡമിയാണ് ഒന്നാം സ്ഥാനം നേടിയത്. ഉഷ സ്‌കൂൾ (16 പോയിന്റ് ), സായ് തൃശൂർ (13പോയിന്റ് ) രണ്ടും മൂന്നും സ്ഥാനത്ത് എത്തി.
16 വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ കെ.പി.തോമസ് മാഷ് സ്‌പോർട്സ് അക്കാഡമി പൂഞ്ഞാർ (44പോയിന്റ് ) ഒന്നാം സ്ഥാനം നേടി. മലബാർ സ്പോർട്സ് അക്കാഡമി പുല്ലൂരാംപാറ (32.66പോയിന്റ് ), ജി.എഫ്.എച്ച്.എസ്.എസ് നാട്ടിക (24) എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആൺകുട്ടികളുടേതിൽ മലബാർ സ്പോർട്സ് അക്കാഡമി പുല്ലൂരാംപാറ (43.33 പോയിന്റ് ), സായ് തിരുവനന്തപുരം (27പോയിന്റ് ), സായ് കൊല്ലം (24പോയിന്റ് ) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
18 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി രാജ സ്‌പോർട്സ് സ്‌കൂളാണ് 48 പോയിന്റുമായി ഒന്നാമൻമാരായത്. സായ് തിരുവനന്തപുരം (44പോയിന്റ് ), ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് (27പോയിന്റ് ) രണ്ടും മൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു. പെൺകുട്ടികളിൽ മലബാർ സ്പോർട് അക്കാഡമി പുല്ലൂരാംപാറ (50 പോയിന്റ് ), കോതംമംഗലം മാർ അത്തനേഷ്യസ് സ്‌പോർട്സ് അക്കാഡമി (47പോയിന്റ് ) ആദ്യ രണ്ടു സ്ഥാനങ്ങൾ നേടി. 25 പോയിന്റുമായി കണ്ണൂർ ജി.വി.എച്ച്.എസ്.എസും പാല അൽഫോൺസ അത്‌ലറ്റിക് ക്ലബും മൂന്നാം സ്ഥാനം വീതംവച്ചു.
20 വയസിന് താഴെയുള്ള ആൺകുട്ടികളിൽ സായ് തിരുവനന്തപുരം 85.5 പോയിന്റുമായി ചാമ്പ്യൻമാരായി, കോതമംഗലം എം.എ.സ്‌പോർട്സ് അക്കാഡമി (78 പോയിന്റ്), ചങ്ങനാശേരി എസ്.ബി കോളേജ് (33 പോയിന്റ്) തുടർന്നുള്ള രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി. പെൺകുട്ടികളിൽ കോതമംഗലം മാർ അത്തനേഷ്യസ് സ്‌പോർട്സ് അക്കാദമി (88 പോയിന്റ്) ഒന്നാമതായി. പാല അൽഫോൺസ അത്‌ലറ്റിക് ക്ലബ് (76പോയിന്റ്), ചങ്ങനാശേരി അസംപ്ഷൻ കോളേജ് (51പോയിന്റ്) രണ്ടും മൂന്നും സ്ഥാനം നേടി.
അവസാന ദിനം രണ്ട് റെക്കാഡുകൾ
മീറ്റിന്റെ അവസാന ദിനം രണ്ട് റെക്കാഡുകളാണ് പിറന്നത്.
അണ്ടർ 20 പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ 13.03 മീറ്റർ ചാടി എം.എ അക്കാഡമിയുടെ സാന്ദ്രാബാബു റെക്കാഡ് പുസ്തകത്തിൽ ഇടം നേടി.
അണ്ടർ 20 ആൺകുട്ടികളുടെ 10,000 മീറ്ററിൽ എം.എ അക്കാഡമിയുടെ തന്നെ കെ ആനന്ദ് കൃഷ്ണൻ 32 മിനിട്ട് 4.52 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കാഡ് സ്ഥാപിച്ചു.