കനത്ത മഴയിലും ഉരുൾപൊട്ടലിലും വീണ്ടും കേരളം പ്രളയത്തിന് സമാനമായ സാഹചര്യം നേരിടുമ്പോൾ കൈയും മെയ്യും മറന്ന് രക്ഷാദൗത്യത്തിലേർപ്പെട്ടിരിക്കുകയാണ് കേരളജനത. കേരളപൊലീസും ഫയർഫോഴ്സും നാട്ടുകാരും ദുരന്ത പ്രതികരണ സേനയും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് സജീവ പങ്കാളിത്തമാണ് വഹിക്കുന്നത്. അതിനൊപ്പമാണ് അരയ്ക്കൊപ്പം വെള്ളത്തിൽ ദുരന്തസ്ഥലത്തേക്ക് പോകുന്ന ഒരു പൊലീസ് ജീപ്പിന്റെ വിഡിയോ വൈറലാകുന്നത്. വീതി കൂടിയ ടയർ ഇല്ല, സ്നോർക്കൽ ഇല്ല, നല്ല സീറ്റ് പോലും കാണില്ല, എന്നാലും വിളിച്ചാൽ ഓടിയെത്തും ഏത് ദുരിതക്കടലിലും. നമ്മുടെ സ്വന്തം കേരള പൊലീസ്.’ എന്നാണ് വീഡിയോയെക്കുറിച്ച് പറയുന്നത്.
ഇതിനൊപ്പം കെ.എസ്.ആർ.ടിസി ബസുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ദുരന്ത സ്ഥലത്തേക്ക് ബോട്ടുമായി മത്സ്യത്തൊഴിലാളികളും പുറപ്പെട്ടതോടെ കേരളം വീണ്ടും ഒറ്റക്കെട്ടായി ഇൗ ദുരന്തത്തെയും അതിജീവിക്കും എന്ന പ്രതീക്ഷയാണ് ഉയരുന്നത്.
പുത്തുമലയിൽ ഉരുൾപൊട്ടിയ സ്ഥലത്തിന്റെ പഴയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ദുരന്തത്തിൽ മേപ്പാടി പുത്തുമലയിൽ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. നാലു മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷൻമാരുമാണ്. ഒരു പുരുഷൻ തമിഴ്നാട് സ്വദേശിയാണ്. ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. തിരച്ചിലിന് സൈന്യം രംഗത്തിറങ്ങി.