delhi-dynamos

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസ് ഇനിയുണ്ടായേക്കില്ലെന്ന് സൂചനകൾ. പുതിയ സീസണിൽ ഒഡിഷ എഫ്.സിയെന്ന പേരിലായിരിക്കും ടീം കളത്തിലിറങ്ങുകയെന്ന് പ്രമുഖ വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.ഡൽഹിയിൽ നിന്ന് ടീമിന്റെ ആസ്ഥാനം ഒഡിഷയിലെ ഭുവനേശ്വറിലേക്ക് മാറ്രുമെന്നാണ് വിവരം. ഭുവനേശ്വറിലെ കലിംഗ സ്റ്രേഡിയമായിരിക്കും ടീമിന്റെ ഹോംഗ്രൗണ്ട്. ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനും ഏറെ പ്രിയപ്പെട്ട ഗ്രൗണ്ടാണ് കലിംഗ.

സാമ്പത്തിക പ്രതിസന്ധികളെത്തുടർന്നാണ് ടീം പേരും ഹോംഗ്രൗണ്ടും മാറുന്നതെന്നാണ് റിപ്പോർട്ട്. ഡൽഹിയെ അപേക്ഷിച്ച് ഒഡീഷയിലേക്ക് ചുവട്മാറ്രുമ്പോൾ ടീമിന്റെ ചെലവുകളിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് ക്ലബ് അധികൃതരുടെ കണക്കുകൂട്ടൽ. ടീം കേന്ദ്രം മാറ്രുന്നതുമായി സംബന്ധിച്ച് പലരെയും സമീപിച്ചെങ്കിലും ഒഡിഷ സർക്കാരിൽ നിന്ന് മാത്രമാണ് ക്ലബ് അധികൃതർക്ക് അനുകൂല പ്രതികരണം കിട്ടിയത്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ വലിയ പ്രതീക്ഷിയോടെയാണ് ക്ലബ് പ്രവർത്തനം തുടങ്ങിയതെങ്കിലും മാനേജ്മെന്റ് പ്രതീക്ഷിച്ചതുപോലെയല്ലായിരുന്നു കാര്യങ്ങൾ. ആരാധകരുടെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ടീമിന്റെ കളികാണാൻ ഹോംഗ്രൗണ്ടായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രതീക്ഷിച്ചപോലെ കാണികളെത്തിയില്ല.

രണ്ടു തവണ സെമിഫൈനലിൽ കളിച്ചിട്ടുള്ള ഡൽഹി ടീം പക്ഷേ കഴിഞ്ഞ രണ്ട് സീസണിലും എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.