ന്യൂഡൽഹി: തർക്കങ്ങൾക്കും വാദങ്ങൾക്കും അവസാനം ഇനി മുതൽ ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബി.സി.സി.ഐ) ഇക്കാര്യത്തിൽ നാഡ ധാരണയിലെത്തി. ഇതു സംബന്ധിച്ച് ബി.സി.സി.ഐ ദേശീയ കായിക മന്ത്രാലയത്തിന് രേഖാ മൂലം ഉറപ്പ് നൽകി. ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജൊഹ്റിയും കേന്ദ്ര കായിക സെക്രട്ടറി രാധേശ്യാം ജുലാനിയും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്.
നാഡയുടെ കീഴിലുള്ള ഉത്തേജക പരിശോധനയിൽ സഹകരിക്കാനാകില്ലെന്ന് നേരത്തേ ബി.സി.സി.ഐ നിലപാടെടുത്തിരുന്നു. അതേസമയം
ബി.സി.സി.ഐയുടെ മുൻ നിലപാട്
ബി.സി.സി.ഐ ദേശീയ കായിക ഫെഡറേഷനല്ലെന്നും സർക്കാർ ധനസഹായത്തെ ആശ്രയിക്കുന്നില്ലെന്നുമുള്ള വാദമുയർത്തിയാണ് നാഡയ്ക്കെതിരെ ബി.സി.സി.ഐ മുഖം തിരിച്ചു നിന്നത്. നാഡയുടെ പരിശോധന രീതികളിൽ നൂനതകളുണ്ടെന്നും ആക്ഷേപമുയർത്തി.മാത്രമല്ല കൊഹ്‌ലി ഉൾപ്പെടെയുള്ള താരങ്ങളുടെ കാര്യത്തിൽ റിസ്ക് എടുക്കാനാകില്ലെന്നും അവർ വ്യക്തമാക്കുകയായിരുന്നു. താരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടും എന്നുവരെ ബി.സി.സി.ഐ വാദങ്ങൾ നിരത്തി.
ഇപ്പോൾ
നിലവിൽ രാജ്യത്തെ മറ്റ് കായിക വിഭാഗങ്ങളിലെ താരങ്ങളെപ്പോലെ ക്രിക്കറ്ര് താരങ്ങളും നാഡയുടെ കീഴിൽ വരും.നാഡയുടെ ഉത്തേജക പരിശോധനാ നയം പാലിക്കുമെന്ന് ബി.സി.സി.ഐ രേഖാമൂലം ഉറപ്പ് നൽകി .പരിശോധനയ്ക്ക് ബി.സി.സി.ഐ ആവശ്യപ്പെടുന്ന എന്ത് സൗകര്യങ്ങളും ചെയ്തു കൊടുക്കും. ഉത്തേജക പരിശോധനാ കിറ്റുകളുടെ ഗുണനിലവാരം, പരിശോധന നടത്തുന്നവരുടെ മികവ്, സാമ്പിൾ ശേഖരണം എന്നിവയെല്ലാം കുറ്രമറ്രതാക്കും.
പ്രിഥ്വി ഷാ വഴി
യുവതാരം പ്രിഥ്വി ഷാ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട വാർത്തയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കെല്ലാം പിന്നിൽ. ബി.സി.സി.ഐ നടത്തിയ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഷായ്ക്ക് എട്ട് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാഡയും ബി.സി.സി.ഐയും തമ്മിലുള്ള തർക്കങ്ങൾ ചൂടുപിച്ചത്. അതേസമയം ഷായ്ക്ക് നൽകിയ ശിക്ഷ ബി.സി.സി.ഐയുടെ മുഖം രക്ഷിക്കാനുള്ള ശ്രമം ആയിരുന്നുവെന്നും വിമർശനങ്ങൾ വന്നു.
വാഡ ഇടപെട്ടു
അന്താരാഷ്ട്ര കായിക ഏജൻസിയായ വാഡയുടെ കൂടെ ഇടപെടലിലൂടെയാണ് ബി.സി.സി.ഐ ഇപ്പോൾ നാഡയ്ക്ക് കീഴിൽ വന്നത്. വാഡ യുടെ കോഡിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഒപ്പിട്ടിട്ടുണ്ട്. ബി.സി.സി.ഐയും നാഡയും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ഐ.സി.സി നടത്തിയിരുന്നു. വിഷയം മുഴുവൻ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബി.സി.സി.ഐയും നാഡയും തമ്മിലുള്ള ബന്ധം കൂടുതൽ കാര്യക്ഷമമാക്കാൻ വാഡ സമ്മർദ്ദം ചെലുത്തുകയായിരുന്നു.