mammmootty-

പേരൻപ് സിനിമ പുറത്തറങ്ങിയത് മുതൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ ലഭിക്കുമെന്നായിരുന്നു സിനിമാപ്രേമികൾ കരുതിയത്. ദേശീയ അവാ‌ർഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇത്തരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ളവയിൽ സജീവമായിരുന്നു. എന്നാൽ ഇന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലുമാണ് പങ്കിട്ടത്. പേരൻപിലെ പ്രകടനത്തിന് മമ്മൂട്ടിയെ പുരസ്കാരത്തിന് പരിഗണിച്ചിരുന്നോ എന്ന ചോദ്യം വാർത്താസമ്മേളനത്തിൽ ഉയർന്നപ്പോൾ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് തടിതപ്പാനായിരുന്ന് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്.

"എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്," രാഹുൽ റവൈൽ പ്രതികരിച്ചു.

അതേസമയം, നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചലോ ജീതേ ഹെ എന്ന ചിത്രത്തെക്കുറിച്ചും വിവാദങ്ങളുയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമിച്ച ചിത്രമാണ് ചലോ ജീതേ ഹെ. എന്നാൽ, ഇക്കാര്യം ജൂറിക്ക് മുന്നിൽ മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ 'അതിനെക്കുറിച്ച് അറിയില്ല' എന്ന മറുപടിയാണ് ലഭിച്ചത്. 'ഞാൻ ആ ചിത്രം കണ്ടു. എനിക്ക് അക്കാര്യം അറിയില്ല. പ്രധാനമന്ത്രിയുടെ ജീവിതത്തെ അധികരിച്ചാണ് ചിത്രമെന്ന് എനിക്ക് അറിയില്ല,' എന്നായിരുന്നു ജൂറിയുടെ പ്രതികരണം.

വിവിധ ഭാഷകളിലായി 419 എൻട്രികളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. അവസാനഘട്ടത്തിൽ 85 ചിത്രങ്ങൾ ജൂറിയുടെ മുൻപിലെത്തി. മലയാളത്തിന് ഇത്തവണ അഞ്ചു പുരസ്കാരങ്ങൾ ലഭിച്ചു. ജോസഫിലെ അഭിനയത്തിന് ജോജുവിന് ജൂറിയുടെ പ്രത്യേക പരാമർശവും ഓൾ എന്ന ചിത്രത്തിന് അന്തരിച്ച ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന് മികച്ച ക്യാമറയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.