കാലവർഷം ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്ത് കൂടുതൽ ഡാമുകൾ തുറക്കുന്നു. മലങ്കര, മംഗലം, വാളയാർ, കാരാപ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകൾ തുറന്നു. കക്കയം, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഇതിനെത്തുടർന്ന് കുറ്റ്യാടി പുഴ, കരമനയാർ എന്നിവയിൽ ജലനിരപ്പ് ഉയരും.
വയനാട്ടിൽ ബാണാസുര സാഗർ ഡാം നാളെ തുറന്നേക്കും. കരയിലുള്ള ജനങ്ങളെ ഒഴിപ്പിക്കും. വയനാട്ടിൽ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇരട്ടയാർ, കല്ലാർ, കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളും തുറന്നു. പെരിങ്ങൽകുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി.
സംസ്ഥാനത്ത് പെരുമഴയിൽ ഇതുവരെ 42 പേർ മരിച്ചതായാണ് റിപ്പോർട്ട്. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുൾപൊട്ടലില്‍ നിരവധി കാണാതായി. ഇവർക്കായി തിരച്ചിൽ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകൾ പൂർണമായി തകർന്നു. ആയിരത്തിലേറെ വീടുകൾക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാർപ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.