home

പ്രളയകാലത്ത് മഴവെള്ളം കയറിയ വീടുകളിലേക്ക് തിരികെഎത്തുമ്പോൾ പ്രാഥമികമായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. വെള്ളത്തിലൂടെ പാമ്പ് ഉൾപ്പെടെയുള്ള വിഷജന്തുക്കൾ ഒഴുകിയെത്താൻ സാദ്ധ്യതയുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ ആശങ്കകൾ പരത്തുന്നതുപോലെ പാമ്പുകളെ ഭയപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം.

വെള്ളമിറങ്ങിയ ശേഷം വീടുകളിൽ തിരികെ എത്തുന്നവർ കഴിയുമെങ്കിൽ ഒരു ദിവസം മുൻപ് എത്തി വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം. വെള്ളത്തിലൂടെ ഒഴുകി വീടുകളിൽ എത്തിയ പാമ്പുകൾക്ക് ഇറങ്ങി പോകുന്നതിന് ഒരു പരിധിവരെ ഇത് സഹായകരമാകും.

വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ വാതിലുകളിൽ തട്ടി, പാമ്പുകൾ വാതിലിൽ ഇല്ലെന്ന് ഉറപ്പാക്കണം. ഒരു വടികൊണ്ട് തട്ടി ശബ്ദമുണ്ടാക്കി വേണം വീടിനുള്ളിൽ പ്രവേശിക്കുവാൻ. ഇരുമ്പ് അലമാരകൾ ചെരിച്ചു വച്ച് അതിന്റെ കാലിനടിയിലെ വിടവുകളിൽ പാമ്പ് കയറിയിട്ടില്ലെന്ന് ഉറപ്പാക്കണം.

പാത്രത്തിൽ 90 ശതമാനം വെള്ളവും പത്ത് ശതമാനം മണ്ണെണ്ണയോ ഡീസലോ കൂട്ടി കലർത്തി ഇത് ഉപയോഗിച്ച് തറയിൽ സ്പ്രേ ചെയ്യണം. ഇത് തറ തുടയ്ക്കാനും ഉപയോഗിക്കാം. ഇത്തരം വീടുകളിൽ കഴിയുന്നവർ രാത്രി ഇറങ്ങുമ്പോൾ ചെരുപ്പ് ഇട്ടുകൊണ്ട് മാത്രമേ തറയിൽ ചവിട്ടാവൂ. വീടിനു പുറത്തേക്കുള്ള വാതിലിലും വാഷ് ബേസിൻ, സിങ്ക്, ശുചിമുറിയിൽ നിന്നു പുറത്തേക്കുള്ള കുഴലുകൾ എന്നിവയിലും മണ്ണെണ്ണ കലർത്തിയ വെള്ളം ഒഴിക്കുന്നത് നല്ലതാണ്.