തിരുവനന്തപുരം: പ്രദേശവാസികൾ തന്നെ പറയാൻ മടിക്കുന്ന സ്ഥലത്തിന്റെ പേര് പറഞ്ഞൊരു വസ്ത്ര ബ്രാൻഡ് ആരംഭിക്കുക, ഓൺലൈൻ വിപണിയിൽ അത് ഹിറ്റാക്കുക, നാട്ടുകാരുടെയും ഉപഭോക്താക്കളുടെയും കൈയടി വാങ്ങുക...കഴിഞ്ഞ മേയ് മുതൽ ഈ വാർത്തകളൊക്കെ തലസ്ഥാനവാസികൾ കേട്ടുതുടങ്ങിയതാണ്. ഓൺലൈനിലെ ആവശ്യക്കാരിലൊതുങ്ങാതെ കരിമഠം വസ്ത്ര ബ്രാൻഡിന്റെ ആദ്യ ഔട്ട്ലെറ്റ് അട്ടക്കുളങ്ങരയിൽ ആരംഭിച്ചിരിക്കുന്നിടത്താണ് ഒരു വലിയ വിജയം തുന്നിപ്പിടിപ്പിക്കാനുള്ള കഥ ഇപ്പോൾ എത്തി നിൽക്കുന്നത്.
നഗരത്തിലെ ഒരു കോളനിയായ കരിമഠത്തെ എല്ലാവർക്കുമറിയാം. പലരും ആ സ്ഥലത്തെ കണ്ടത് അവജ്ഞയോട് കൂടിത്തന്നെയാണ്. സ്ഥലവാസികൾ തന്നെ ഞങ്ങൾ കരിമഠത്തുകാരാണെന്ന് പറയാൻ മടിച്ചു. ആ നാണക്കേടിന്റെ മൂടുപടം ഇന്നണിയാതിരിക്കാൻ കരിമഠത്തുകാർക്ക് തുണയായ ഒരു അതിജീവനത്തിന്റെ കഥയാണിത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉർവി ഫൗണ്ടേഷന്റെ പ്രോജക്ടുകളിൽ ഒന്നാണ് ചേരി പ്രദേശങ്ങളുടെ നവീകരണം. അതിനായാണ് ഫൗണ്ടേഷൻ ചെയർമാൻ ഹസൻ റഫീക്കും ഡയറക്ടർ ഹന്ന ഫാത്തിമയും കോളനിയിലെത്തുന്നതും കോളനി നിവാസികളെ കാണുന്നതും.
തുടക്കം
ഒരു പ്രദേശത്തിന്റെ വികസനത്തിന് ആദ്യം വേണ്ടത് മതിയായ വിദ്യാഭ്യാസമൊരുക്കലാണെന്ന് ഹസൻ റഫീക്കിനും ഹന്നയ്ക്കും നന്നായി അറിയാമായിരുന്നു. കോളനി നിവാസികളുടെ പങ്കാളിത്തത്തോടെ തന്നെ അത് നടപ്പാക്കാനും ഒപ്പം വീട്ടമ്മമാർക്ക് ഒരു വരുമാനമാർഗം ഉണ്ടാക്കാനുമായി പിന്നത്തെ ശ്രമം. വസ്ത്രബ്രാൻഡിന്റെ പിന്നിലെ കഥ ഇതാണ്. എന്ത് ചെയ്യാൻ കഴിയും എന്ന് കരിമഠത്തെ സ്ത്രീകളോട് സംസാരിച്ച് ചർച്ച ചെയ്തതിന് ശേഷമാണ് വസ്ത്രനിർമാണം ആരംഭിക്കാമെന്ന് തീരുമാനിക്കുന്നത്. പിന്നീട് പരിശീലനത്തിന്റെ നാളുകളായി. സ്വീയിംഗ് ഹോപ്പ് എന്ന പ്രോജക്ട് ആരംഭിച്ചു. ആദ്യം തയ്യലിലും പിന്നീട് ഡിസൈനിംഗിലും പരിശീലനം നൽകി. നാല് മാസത്തെ പരിശീലനം കഴിഞ്ഞതോടെ ഇരുപതോളം വരുന്ന സംഘം ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങി. സ്ത്രീകൾക്കുള്ള കുർത്തിയാണ് ഇപ്പോൾ നിർമിക്കുന്നത്.
ഒരു സ്ഥലവും മോശമല്ലെന്ന സന്ദേശം നൽകാനാണ് വസ്ത്രങ്ങൾക്ക് കരിമഠം എന്ന പേര് തന്നെ നൽകിയതെന്ന് ഹസൻ പറയുന്നു. ചേരികളെപ്പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. സ്വന്തം നാടിന്റെ പേര് അഭിമാനത്തോടെ പറയാൻ അവർക്ക് കഴിയണം- ഹസൻ പറയുന്നു.
വിജയം നൽകിയ ആത്മവിശ്വാസം
ആദ്യഘട്ടത്തിൽ 20 പേർക്കാണ് പരിശീലനം നൽകിയത്. ഇപ്പോൾ അടുത്ത ബാച്ചിലെ 20 പേരുടെ പരിശീലനം നടക്കുന്നു. ഓൺലൈനിലും ഇപ്പോൾ കടയിലും തങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയുമാണ് ഇവരുടെ ബലം. കുടുംബത്തിന്റെ പിന്തുണയോട് കൂടിത്തന്നെ വരുമാനമുണ്ടാക്കാൻ കഴിയുന്നതിന്റെ സന്തോഷം ഇന്നീ വീട്ടമ്മമാർക്കുണ്ട്. കോളനിയിലെ താമസക്കാരായ സജിനി, ദിവ്യ, പ്രൊഡക്ഷൻ യൂണിറ്റിന്റെ ചുമതലയുള്ള ഷംല തുടങ്ങിയവരാണ് ഫൗണ്ടേഷൻ ഭാരവാഹികൾക്കൊപ്പം പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സ്ത്രീകൾക്ക് സ്വയംതൊഴിലിനുള്ള മാർഗങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയുമെന്ന ലക്ഷ്യം പ്രാവർത്തികമാവുകയാണ്. ഡിസൈനർമാരായ ഹസീനയുടെയും മുബീനയുടെയും പിന്തുണ കൂടെയുണ്ട്. 699 രൂപ മുതലാണ് വസ്ത്രങ്ങളുടെ വില ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം ഷോപ്പുകൾ ആരംഭിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. താമസിക്കാതെ ആ സ്വപ്നവും പൂവണിയും.