തിരുവനന്തപുരം : ശുദ്ധമായ പ്രകൃതിദത്ത തേനും വിവിധതരം തേനുത്പന്നങ്ങളും വാങ്ങാൻ അനന്തപുരിയിലെ തേൻമേളയിൽ തിരക്കേറുന്നു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തേനീച്ച കർഷകരെ പങ്കെടുപ്പിച്ച് ഫെഡറേഷൻ ഒഫ് ഇന്റജീനിയസ് എപ്പികൾച്ചറിന്റെ ആഭിമുഖ്യത്തിൽ വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള തേൻ മേളയിലാണ് തേൻ വില്പനയും തേനീച്ച കൃഷിയുടെ പ്രോത്സാഹനവും നടക്കുന്നത്. തേനീച്ച വളർത്താനുള്ള ഉപകരണങ്ങളും ഇവിടെ നിന്നു ലഭിക്കും.
ചെറുതേൻ, കാട്ടുതേൻ, തേൻ നെല്ലിക്ക, തേൻ വെളുത്തുള്ളി, കാന്താരി തേൻ, ഇഞ്ചി തേൻ, മുന്തിരി തേൻ, കാഷ്യു തേൻ തുടങ്ങി നിരവധി വിഭവങ്ങളാണ് മേളയിൽ വില്പനയ്ക്കുള്ളത്. കണ്ണൂർ അലക്കോട് നിന്നെത്തിയ മധുശ്രീ ഹണി യൂണിറ്റിൽ വില്പനയ്ക്കുള്ള പി.വി.സി പൈപ്പുകളിൽ നിർമ്മിച്ച സ്റ്റിങ്ലെസ് ബീ ഹൈവ് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തേനീച്ചകളെ അകറ്റിനിറുത്താതെയും ഉപദ്രവിക്കാതെയും കൂട്ടിൽ പ്രത്യേകമായി നിർമിച്ചിട്ടുള്ള അറയിൽ സംഭരിക്കുന്ന തേൻ എടുക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. വെറും കൂടിന് 700 രൂപയാണ് വില. തേനീച്ച കോളനി ഉൾപ്പെടെയാണെങ്കിൽ 2500 രൂപയാണ് വില.
തേനിൽ നിർമ്മിക്കുന്ന പാനീയമാണ് ഇവിടത്തെ മറ്റൊരു വിഭവം. കാന്താരി മുളകും ഇഞ്ചിയും ഏലക്കായും നിറത്തിനായി ബീറ്റ് റൂട്ടും തേനിൽ ചേർത്ത് നിർമ്മിക്കുന്ന തേൻപാനീയം ഏറെ സ്വാദിഷ്ടമാണ്. ഒരു ഗ്ളാസിന് 30 രൂപയാണ് വില.
ഹോർട്ടികോർപ്പിന്റെ സ്റ്റാളിൽ ഞാവൽ തേൻ, കൈതച്ചക്ക തേൻ, ചക്ക തേൻ, കടച്ചക്ക തേൻ, മുട്ടിപ്പഴ തേൻ, മരത്തക്കാളി തേൻ എന്നിവയുണ്ട് വില്പനയ്ക്ക്. തിരുവല്ല പുഷ്പഗിരി ബോധിനി ഡെവലപ്മെന്റ് സൊസൈറ്റിയുടെ സ്റ്റാളിൽ പ്രകൃതിദത്ത ഫേസ് ക്രീം വില്പനയ്ക്കുണ്ട്. തേൻ മെഴുകിൽ നിർമ്മിക്കുന്ന സൗന്ദര്യ വർദ്ധിനി വാങ്ങാനും ഏറെ ആവശ്യക്കാരുണ്ട്. കൊട്ടാരക്കര ഉമ്മന്നൂർ ബിജുവിന്റെ സ്റ്റാളിൽ ആദിവാസികളിൽ നിന്നു ശേഖരിച്ച കാട്ടുതേനും ചെറുതേനും വില്പനയ്ക്കുണ്ട്. വൈവിദ്ധ്യ ഉത്പന്നങ്ങളായ ഇഞ്ചി തേനും കാന്താരി തേനും കൂടാതെ തേൻ നെല്ലിക്കയും ഇവിടെ ലഭിക്കും. ഏറെ ഔഷധഗുണമുള്ള പൂമ്പൊടിയും വില്പനയ്ക്കുണ്ട്. 100 ഗ്രാമിന് 450 രൂപയാണ് വില. തേനിലോ, പാലിലോ ചേർത്തു കഴിക്കാൻ കഴിയും. തേൻ സോപ്പും ഹണി വാക്സും വേദന സംഹാരി (പെയ്ൻ ബാം) യും ഇവിടെ നിന്നു ലഭിക്കും.
തേൻമെഴുകിൽ ശുദ്ധമായ വെളിച്ചെണ്ണ, പച്ചമഞ്ഞൾ, ആര്യവേപ്പില, കറ്റാർവാഴ, കൃഷ്ണതുളസി എന്നിവ ചേർത്തുണ്ടാക്കുന്ന കാന്തിവർദ്ധിനി ഹെർബൽ ബോഡി ബാം ഇവിടെ വില്പനയ്ക്കുണ്ട്. ഇടുക്കി ഹൈറേഞ്ച് ബീ കീപ്പിംഗ് യൂണിറ്റിൽ നിന്നാണ് ഏറ്റവും വൈവിദ്ധ്യങ്ങളായ ഉത്പന്നങ്ങൾ വില്പനയ്ക്കുള്ളത്. കൂവളം തേൻ, മഞ്ഞൾ തേൻ, കാന്താരി തേൻ, ബ്രഹ്മി തേൻ, തേൻ മെഴുക് ക്രീം, പൂമ്പൊടി, മാതളം തേൻ, നെല്ലിക്കാ തേൻ, കീഴാർനെല്ലി തേൻ, സുഗന്ധവ്യഞ്ജന തേൻ, വെളുത്തുള്ളി തേൻ, ഈന്തപ്പഴ തേൻ തുടങ്ങിയവ ഇവിടെ വില്പനയ്ക്കുണ്ട്.
ഓയൂർ കെ.കെ.ഹണി, വട്ടിയൂർക്കാവ് അമ്മ ഹണി, മാർത്താണ്ഡം വൈ.എം.സി.എ തേൻ, വെളിനല്ലൂർ കെ.കെ.ഹണി, ഖാദി ഗ്രാം വട്ടപ്പാറ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളിലും തേൻ ഇനങ്ങളുടെ വില്പനയും തേനീച്ച കൃഷിക്കുള്ള ഉപകരണങ്ങളും ലഭിക്കും. പ്രദർശനം ഇന്ന് സമാപിക്കും.