പ്രായമാകുന്നതോടെ പ്രമേഹരോഗികളിൽ പോഷകക്കുറവ് കാണാറുണ്ട്. ഇതിന് കാരണങ്ങൾ പലതാണ്. ഊർജം അടങ്ങിയ ആഹാരം കഴിക്കാതിരിക്കുക, വൃക്കരോഗങ്ങൾക്കും പ്രമേഹത്തിനും ഉള്ള ചിലതരം ഔഷധങ്ങൾ, മാംസ്യം കുറവുള്ള ഭക്ഷണങ്ങൾ ഇവയെല്ലാം പോഷകക്കുറവുണ്ടാക്കും. ഭാരം കുറയ്ക്കുന്നത് പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും അമിതമായ തോതിൽ ശരീരഭാരം കുറയുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.
അതിനാൽ സമീകൃതാഹാരം കഴിച്ച്, കൃത്യമായി വ്യായാമം ചെയ്ത് ആരോഗ്യകരമായ തൂക്കം നിലനിറുത്തുക. ശരീരഭാരമുള്ള പ്രമേഹരോഗികളിലും പോഷകക്കുറവ് കാണാറുണ്ട്. അമിതമായ കൊഴുപ്പ് ശരീരത്തിലുണ്ടെങ്കിൽപ്പോലും അസ്ഥികൾക്കും പേശികൾക്കും ക്ഷയം സംഭവിക്കുകയാണ്. ചിലതരം ഔഷധങ്ങളാണ് ഇവിടെ വില്ലനാകുന്നത്. ഇതും കൃത്യസമയത്ത് കണ്ടെത്തി പരിഹാരമാർഗങ്ങൾ തേടണം.