landslide

കൽപ്പറ്റ: മേപ്പാടി പുത്തുമലയിലെ ഉരുൾപൊട്ടൽ പ്രദേശത്തേക്ക് തിരിച്ച രക്ഷാപ്രവർത്തകരുടെ വാഹനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് വഴിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതിനിടെ, നാട്ടുകാരും രക്ഷാപ്രവർത്തകരും ഇന്നലെ നടത്തിയ തെരച്ചിലിൽ 9 പേരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ടെത്തിയിരുന്നു. അവശേഷിക്കുന്നവർക്കായി ഉൗണും ഉറക്കവും ഉപേക്ഷിച്ച്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് തെരച്ചിൽ തുടരുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിലപാട്.

ഉരുൾപൊട്ടൽ മൂലം പ്രദേശത്ത് കാലെടുത്ത് വയ്ക്കാൻ പോലും വയ്യാത്ത തരത്തിൽ മണ്ണും പാറയും വൃക്ഷങ്ങളും അടിഞ്ഞ് കൂടിയിരിക്കുന്നു. തോടായി ഒഴുകിയിരുന്ന അരുവി വലിയ പുഴ കണക്കെ താഴ്വാരത്തേക്ക് നിറഞ്ഞു പായുന്നു. കനത്ത മഴ ശമിക്കാത്തതാണ് തെരച്ചിൽ ദുഷ്കരമാക്കുന്നത്. എങ്കിലും അവശേഷിച്ചവരെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഇന്നലെ ദുരന്ത ഭൂമിയിൽ കണ്ടത്. ആരും ഇവിടെ കാഴ്ചക്കാരല്ല, എല്ലാവരും രക്ഷാ പ്രവർത്തനവുമായി ഒരൊറ്റ മനസോടെ രംഗത്തുണ്ട്. സബ് കളക്ടർ ഉമേഷ്, സി.കെ. ശശീന്ദ്രൻ എം.എൽ.എ എന്നിവരുടെ മേൽനോട്ടത്തിലാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്.

ബുധനാഴ്ച രാത്രിയോടെയാണ് മലമുകളിൽ ആദ്യം ഉരുൾ പൊട്ടിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ സമീപ പ്രദേശത്തെ ഒട്ടേറെപ്പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോൺക്രീറ്റ് വീടുകൾ പോലും തകർന്നു. എന്നിട്ടും ഇവിടേക്ക് അധികൃതർ ആരും എത്തിയില്ല.വ്യാഴാഴ്ചയും നാട്ടുകാർ താഴ്വാരത്തെ പലരെയും മാറ്റിപ്പാർപ്പിച്ചു. ഇതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് നാലേകാലിന് മല ഒന്നാകെ പൊട്ടിയൊഴുകി എത്തിയത്. അര ഏക്കറോളം വീതിയിൽ ഭൂമി അപ്പാടെ തുടച്ചു മാറ്റപ്പെട്ടു. പള്ളിയും അമ്പലവും എസ്റ്റേറ്റ് പാടികളും മറ്റു കെട്ടിടങ്ങളുമെല്ലാം മലവെള്ളപ്പാച്ചിലിൽ അപ്രത്യക്ഷമായി. തലേ ദിവസം മുതൽ പലരെയും ഇവിടെ നിന്ന് നാട്ടുകാർ മാറ്റിയത് കൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. എങ്കിലും ഇനിയും ഏറെപ്പേർ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെ റിസോർട്ടുകളിലെത്തിയ ‌ടൂറിസ്റ്റുകളെക്കുറിച്ചും പാടികളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും അറിയേണ്ടതുണ്ട്. കള്ളാടിയിൽ നിന്ന് പുത്തുമലയിലേക്ക് അഞ്ച് കിലോ മീറ്റർ ദൂരമുണ്ട്. ഇവിടെ പച്ചക്കാട് പ്രദേശത്താണ് ആദ്യം ഉരുൾ പൊട്ടിയത്.