കോഴിക്കോട്: മഴ തോരാതെ തുടരുന്നതിനിടെ വയനാട് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി കോഴികോട്ടേക്ക് എത്തുന്നു. നാളെ വൈകുന്നേരത്തോടെയാണ് രാഹുൽ ഗാന്ധി കോഴിക്കോട്ടേക്ക് എത്തുക എന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം.
തന്റെ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വയനാട് മലപ്പുറം എന്നീ ജില്ലകളിലെ കളക്ട്രേറ്റുകൾ കേന്ദ്രീകരിച്ച് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധി എത്തുന്നത്.
മഴ മൂലം കഷ്ടത്തിലായ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിൽ രാഹുൽ ഗാന്ധി എത്തുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. കാലവർഷം ഇക്കുറി ഏറ്റവും കൂടുതൽ ബാധിച്ചത് രാഹുലിന്റെ മണ്ഡലമായ വയനാടിനെയാണ്.മഴ മൂലം ഉണ്ടായ കെടുതികളെ നേരിടാൻ രാഹുൽ ഗാന്ധി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിച്ചിരുന്നു. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെയും ശക്തമായ മണ്ണിടിച്ചിലും മഴയും പരിഗണിച്ച് അടിയന്തിര സഹായം എത്തിക്കാനാണ് രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപെട്ടത്. രാഹുലിന്റെ അഭ്യർത്ഥന മാനിച്ച് എല്ലാ സഹായവും നൽകുമെന്ന് മോദി ഉറപ്പ് നൽകിയതായും രാഹുൽ ഗാന്ധിയുടെ ഓഫീസ് പറഞ്ഞിരുന്നു.