flood

കേരളത്തെയൊന്നാകെ മുക്കിയ മഹാപ്രളയത്തിന്റെ ഭീതിയാർന്ന ഓർമ്മകൾ മറയും മുമ്പ് തന്നെ അർദ്ധസമാനമായ അവസ്ഥയിലാണ് സംസ്ഥാനം. കാറ്റിലും പേമാരിയിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ജീവൻ നഷ്‌ടമായത് 43 പേർക്കാണ്. രക്ഷാപ്രവർത്തനവുമായി സംസ്ഥാനസർക്കാർ സദാജാഗരൂകമാണെങ്കിലും, പലയിടത്തും ഇപ്പോഴും ആളുകൾ കുടങ്ങി കിടക്കുകയാണെന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. ആദ്യപ്രളയത്തിൽ എന്നപോലെ തന്നെ ഈ സങ്കടക്കടലിലും രക്ഷകരായി അവർ ഒപ്പമുണ്ട്. കേരളക്കരയുടെ രക്ഷകരായ പ്രിയ മത്സ്യത്തൊഴിലാളികൾ.

വറുതിയുടെ മറുകര തേടുമ്പോഴും സഹായത്തിനായി കേഴുന്നവരെ കൈപിടിച്ചുയർത്തുന്ന ആ നന്മ മനസുകളെ സോഷ്യൽ മീഡിയ ഏറ്റടുക്കയാണ്. അത്തരത്തിൽ ഒരു ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണിപ്പോൾ. രക്ഷാപ്രവർത്തനത്തിനെത്തിയ യുവാവ് ദുരിതബാധിതരെ തന്റെ തോണിയിൽ കയറ്റിയശേഷം കൈകൊണ്ട് വലിച്ചാണ് കരയിലേക്ക് അടുപ്പിക്കുന്നത്. മറ്റൊരു കൈയിൽ പങ്കായം കൊണ്ട് മുന്നോട്ട് കുത്തി അപകടം ഇല്ലെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട് സാദിഖ് എന്ന് യുവാവ്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'മുന്നിൽ ആ തോണിയും വലിച്ചു കൊണ്ട് പോകുന്നവൻ ഉണ്ടല്ലോ എന്റെ നാടിന്റെ അഭിമാനമാണ്. അധികാരികൾ തിരിഞ്ഞ് നോക്കാത്ത ഇടങ്ങളിൽ മിന്നൽ പിണർപോലെ പാഞ്ഞെത്തിയവരാണ് . കരക്കേത്തിയവർ നീട്ടിയ നോട്ട് തിരിച്ചു കൊടുത്തു പ്രാർത്ഥിക്കാൻ
പറഞ്ഞവരാണ് . മുന്നിലെ കുഴിയെയും കുത്തിയൊഴുകുന്ന മലവെള്ളത്തേയും കൂസാതെ നടക്കുന്നവൻ അലറി ആർത്തു വരുന്ന തിരമാലയെ കണ്ട് പേടിക്കാത്തവനാണ്.
സർവോപരി രക്ഷാ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ട് അവസാനം ബിൽ കൊടുത്തു കാശ് വാങ്ങാൻ പഠിക്കാത്ത മനുഷ്യനാണ് .മത്സ്യത്തൊഴിലാളി യാണ് മനുഷ്യനാണ് ❤️❤️❤️ സാദിഖേ മുത്തേ ... കണ്ണുകൾ അഭിമാനം കൊണ്ട് സജലമാകുന്നല്ലോ വല്ലാതെ ...'