അബുദാബി: അബുദാബിയിൽ സമ്മർസെയിൽസിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ 10ലക്ഷം ദിർഹത്തിന്റെ(ഏകദേശം 1.93കോടിയിലധികം രൂപ)ഭാഗ്യദേവത തേടിയെത്തിയത് തിരുവനന്തപുരം സ്വദേശിയെ. അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അബുദുൾ സലാം ഷാനവാസിനാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്.
അബുദാബി സാംസ്കാരിക ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ലൈൻസ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രോപ്പർട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. ഇവരുടെ എട്ടുമാളുകളിലായിരുന്നു നറുക്കെടുപ്പ് നടത്തിയത്. 200 ദിർഹത്തിൽ കൂടുതൽ ചെലവഴിച്ചാണ് അബ്ദുൾ സലാം നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹത നേടിയത്.
സമ്മാനം ലഭിച്ച കാര്യം ഈ മാസം അഞ്ചിന് തന്നെ അധികൃതർ അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇത് രഹസ്യമാക്കിവയ്ക്കാനും അധികൃതർ ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഭാര്യയോട് പോലും ഒരു സർപ്രൈസ് ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു.
അതേസമയം നറുക്കെടുപ്പിന് രജിസ്റ്റർ ചെയ്തപ്പോൾ ഫോണിൽ വന്ന സന്ദേശം അറിയാതെ അബ്ദുൾ സലാം ഡിലീറ്റ് ചെയ്തിരുന്നു. അതിനാൽ സമ്മാനത്തുക ലഭിക്കുമോ എന്ന പേടി അദ്ദേഹത്തിനുണ്ടായിരുന്നു. സംഘാടകർ മറ്റ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ വിജയി ഇദ്ദേഹം തന്നെയാണെന്ന് മനസിലായി. തുടർന്ന് ഇന്നലെ തുക കൈമാറുകയായിരുന്നു.
1997ലാണ് അബ്ദുൾ സലാം യു.എ.ഇയിലെത്തിയത്. ഡ്രൈവിംഗ് ലൈസൻസ് നേടിയ ശേഷം ഷാർജയിലും ഇപ്പോൾ അബുദാബിയിലും ഡ്രൈവറായി ജോലിചെയ്യുന്നു. 2500 ദിർഹമാണ് നിലവിൽ അദ്ദേഹത്തിന്റെ ശമ്പളം.
ഈ തുകകൊണ്ട് നാട്ടിലെ സ്ഥലത്ത് ഒരു വീട് പണിയാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. രണ്ട് പെൺമക്കളുൾപ്പെടെയുള്ള തന്റെ കുടുംബം ഇപ്പോൾ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം പറയുന്നു.മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്കൊപ്പമാണ് തന്റെ മനസെന്നും പെരുന്നാളിന് മുമ്പ് എല്ലാം ശാന്തമാകട്ടെയെന്നാണ് പ്രാർഥനയെന്നും അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.