bus-service

ഇസ്ലാമബാദ്: ട്രെയിനുകൾ നിർത്തിവച്ച ശേഷം ഇന്ത്യയിലേക്കുള്ള ബസ് സർവീസ് കൂടി നിർത്തലാക്കി പാകിസ്ഥാൻ.ഡൽഹിയിൽ നിന്നും ലാഹോറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന 'ദോസ്തി(സൗഹൃദം)' എന്ന് പേരുള്ള ബസാണ് പാകിസ്ഥാൻ റദ്ദ് ചെയ്തത്. ഇന്ത്യ പാകിസ്ഥാൻ അതിർത്തി കടന്നാണ് ഈ ബസ് സർവീസ് നടത്തി പോന്നിരുന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനും ജമ്മു കാശ്മീരിനെ രണ്ടാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് പാകിസ്ഥാൻ കൈകൊള്ളുന്ന നടപടികളുടെ തുടർച്ചയാണിത്. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ കമ്മിറ്റിയാണ് കൂടിയാലോചനയ്ക്ക് ശേഷം ഈ തീരുമാനം കൈക്കൊണ്ടത്. 1999 ഫെബ്രുവരിയിൽ ആരംഭിച്ച ഈ ബസ് സർവീസ് 2001ലെ പാർലമെന്റ് ആക്രമണത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. എന്നാൽ 2003 ജൂലായിൽ ഇത് വീണ്ടും ആരംഭിച്ചു.

കാശ്മീർ വിഷയത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധകൾ വിച്ഛേദിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാൻ ഈ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. നേരത്തെ, രാജ്യാതിർത്തികൾ കടന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയ്ക്ക് സർവീസ് നടത്തുന്ന, താർ എക്‌സ്പ്രസിനെയും, സംത്ധൗദ എക്സ്പ്രസിനെയും പാകിസ്ഥാൻ വിലക്കിയിരുന്നു. ജോധ്പൂരിനെയും ലഹോറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് താർ. ഡൽഹിക്കും ലാഹോറിനും ഇടയിലാണ് സംത്ധൗദ എക്സ്പ്രസ് യാത്രക്കാരെ കൊണ്ടുപോകുന്നത്.