തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 42 പേരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരിൽ 11 പേർ വയനാട്ടുകാർ. എട്ട് ജില്ലകളിൽ 80 ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഒരിടത്തും ഇന്ധനക്ഷാമമില്ലെന്നും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'രാവിലെയുള്ള റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 42 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ 11 പേർ വയനാട്ടിൽ നിന്നുള്ളതാണ്. 108138 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എട്ടു ജില്ലകളിൽ 80 ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കവളപ്പാറയിൽ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. മേപ്പാടി പുത്തുമലയിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
വയനാട് ജില്ലയിലെ മഴയുടെ തീവ്രത രാവിലെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്.വയനാട്ടിൽ 74000ത്തിൽ കൂടുതൽപ്പേരെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബാണാസുരയുടെ വൃഷ്ടിഭാഗത്ത് കനത്ത മഴയായതിനാൽ അവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മണിമുതൽ ബാണാസുര സാഗറിന്റെ ഷട്ടർ തുറക്കും. എറണാകുളം ജില്ലയിൽ മഴ അൽപ്പം കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിൽ കനത്തമഴയാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നു.
കേന്ദ്രസേന,പൊലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ,സന്നദ്ധ പ്രവർത്തകർ യുവാക്കൾ എന്നിങ്ങനെ എല്ലാവരും ചേർന്നുള്ള രക്ഷാപ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ കൂട്ടായ ഇടപെടലാണ് എല്ലാ പ്രതിസന്ധികളും മറികടക്കാനുള്ള ആത്മവിശ്വാസം നൽകുന്നത്. സ്വന്തം ജീവൻ പോലും മറന്നുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയർ ബൈജു മരണമടഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അവലോകന യോഗം അനുശോചനം രേഖപ്പെടുത്തി.
കൂട്ടായ രക്ഷാപ്രവർത്തനത്തിനിടിയിൽ ചിലർ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ല. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും'-മുഖ്യമന്ത്രി പറഞ്ഞു.