kaumudy-news-headlines

1. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാട് ഒന്നിച്ച് കാലവര്‍ഷ കെടുതിയെ നേരിടുന്നു എന്ന് മുഖ്യമന്ത്രി. ദുരന്തമുഖത്ത് ഉള്ളവര്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാന്‍ ശ്രമിക്കുന്നു. എല്ലാ വകുപ്പ് ജീവനക്കാരും അവരുടെ ചുമതലകള്‍ നിറവേറ്റുന്നുണ്ട്. രാവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 42 മരണം സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ വയനാട്ടില്‍ മാത്രം 11 മരണം. കവളപ്പാറയില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. 30 പേര്‍ അടങ്ങുന്ന ഫയര്‍ഫോഴ്സ് ടീം ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി ഉണ്ട്. മേപ്പാടിയിലും രക്ഷാ പ്രവര്‍ത്തനം ഊര്‍ജമാക്കിയിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് മുഖ്യന്റെ കര്‍ശന നിര്‍ദേശം.


2. സംസ്ഥാനത്ത് മഴ പ്രളയസമാനം ആയതോടെ പ്രളയ കാരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ലോക്കല്‍ പര്‍ച്ചേസിലൂടെ ആവശ്യ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിക്കാനും നിര്‍ദേശം. പ്രളയ കാരണം ഗൗരവമായി ചര്‍ച്ച ചെയ്യണം എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് കേരളത്തില്‍ കൊണ്ടുവരാന്‍ ഉള്ള തീരുമാനം ബി.ജി.പി സര്‍ക്കാര്‍ അട്ടിമറിച്ചും എന്നും മല്ലപ്പള്ളിയുടെ ആരോപണം.
3. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 8 ജില്ലകളിലായി 80 ഉരുള്‍പൊട്ടല്‍. പ്രതീക്ഷിക്കാത്ത മിക്ക സ്ഥലങ്ങളിലും അപകടം ഉണ്ടാകുന്നു. മലപ്പുറം വാണിയമ്പലം മുണ്ടേരിയില്‍ 200 പേര്‍ കുടുങ്ങി. വയനാട്ടിലും, മലപ്പുറത്തും രക്ഷാ ദൗത്യത്തിന് തിരിച്ചടിയായി മഴ. രണ്ട് സ്ഥലത്തും പ്രതികൂല കാലാവസ്ഥ. മലപ്പുറം കോട്ടയ്ക്കലില്‍ കനത്ത മഴയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിറുത്തി വച്ചു. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യത. കനത്ത മഴയില്‍ കോഴിക്കോട് നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തില്‍. കനത്ത മഴയില്‍ അഗ്നിശമന സേനയും മത്സ്യ തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍. മൂന്നാര്‍ മോഡല്‍ റെസിഡന്‍സി സ്‌കൂളിലെ 11 കുട്ടികളെ കാണാതായി. ഇന്നലെ വീട്ടിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്. മാങ്കുളത്തുള്ള 5 കുട്ടികളെയും മറയൂരിലുള്ള 6 കുട്ടികളെയും ആണ് കാണാതായത്.
4. കൊയ്ലാണ്ടിയിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. രണ്ട് ദിവസമായി കൊയിലാണ്ടിയില്‍ കറണ്ടില്ല. എന്‍.ഡി. ആര്‍.എഫിന്റെ 20 അംഗ സംഘം കൊയിലാണ്ടിയില്‍ എത്തി. വയനാട്ടിലെ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. രക്ഷാ പ്രവര്‍ത്തനത്തിന് 40 അംഗ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തുണ്ട്. സൈന്യത്തിനും എന്‍.ഡി.ആര്‍.എഫ് സംഘത്തിനും എത്തിച്ചേരാന്‍ സാധിക്കുന്നില്ല. അധികമായ മണ്ണിടിച്ചില്‍ രക്ഷാ ദൗത്യം ദുഷ്‌കരം ആക്കുകയാണ്. കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. രക്ഷാ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വഴിയില്‍ കുടങ്ങിക്കിടക്കുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ അതി തീവ്ര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവരുടെ എണ്ണം 25,000 കവിഞ്ഞു.
5. അതേസമയം, ദുരന്തമുഖമായ മലപ്പുറം കവളപ്പാറിയിലേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി സൈന്യം തിരിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തിനിടെ കവളപ്പാറയില്‍ ഉരുള്‍പൊട്ടി ആര്‍ക്കും അപകടമില്ല. ഇവിടെ ഇന്നലെ നടന്ന ശക്തമായ ഉരുള്‍പ്പൊട്ടലില്‍ 46 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടിങ്ങി കിടക്കുന്നതായാണ് നിഗമനം. പ്രദേശത്ത് ശക്തമായ മഴ തുടരുന്നു. വാണിയമ്പുഴ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റില്‍ 15 പേര്‍ കുടുങ്ങി കിടക്കുന്നു. വാണിയമ്പുഴ ദൗത്യ സംഘം മുണ്ടേരി പാലത്തില്‍ എത്തി. 28 പേര് അടങ്ങുന്ന സംഘമാണ് കാട്ടിലേക്ക് പോകുന്നത്. രണ്ട് ഡി.എഫ്.ഒമാര്‍, ഒരു റെയ്ഞ്ച് ഓഫീസര്‍, എന്‍.ഡി.ആര്‍.എഫ് കമാന്‍ഡര്‍, 24 ജവാന്മാരും സംഘത്തിലുണ്ട്. പുഴയിലെ മലവെള്ളപ്പാച്ചില്‍ മറികടന്ന് വേണം കാട്ടിലേക്ക് തിരിക്കാന്‍. അതീവ ശ്രമകരമായ രക്ഷാ പ്രവര്‍ത്തനം ആണ് നടത്തുന്നത്.
6. മഴ കുറയുന്നതിനാല്‍ ഇന്ന് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കും എന്ന് ദുരന്ത നിവാരണ അതോറിറ്റി. വിവിധ സേനാ വിഭാഗങ്ങള്‍ സജ്ജമെന്ന് അതോറിറ്റി മെമ്പര്‍ ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞത്. അവിടെ എത്തുന്നതിനും മണ്ണും ചെളിയും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഹെലികോപ്പ്റ്ററിന് പറക്കാന്‍ ആകാത്ത അന്തരീക്ഷമാണ്. മഴ മാറി നിന്നാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
7. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 2 മരണം. ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. പാലക്കാടും മഴ ശക്തി പ്രാപിക്കുന്നു. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും ഇതുവരെ മരിച്ചവരുടെ എണ്ണം 44 ആയി. രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.