mammootty

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് അഭിമാനിക്കാൻ മികച്ച നടിയായി കീർത്തി സുരേഷും,​ പ്രത്യേക പരാമർശം നേടിയ ജോജു ജോർജുമെല്ലാം ഉണ്ടെങ്കിലും,​ പ്രതീക്ഷിച്ച നേട്ടങ്ങൾ മലയാള സിനിമയെ ഇത്തവണ തേടി എത്തിയില്ല. മികച്ച നടനുള്ള വിഭാഗത്തിൽ ഏറ്റവുമധികം സാധ്യത കൽപിച്ചിരുന്നത് മെഗാ സ്‌റ്റാർ മമ്മൂട്ടിക്കായിരുന്നു. പേരമ്പിലെ അഭിനയമാണ് നാലാമതൊരു ദേശീയ പുരസ്‌കാരത്തിന് കൂടി മമ്മൂട്ടിയുടെ പേര് ഉയർന്നു കേട്ടതിന് പിന്നിൽ. മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടിയുടെയും ജോജുവിന്റെയും പേരുകൾ പരിഗണിച്ചിരുന്നതായി ജൂറി അംഗങ്ങളിലൊരാൾ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

ജോസഫിലെ പ്രകടനം ജോജുവിനെ നേട്ടത്തിനരികിലെത്തിച്ചെങ്കിലും പ്രത്യേക പരാമർശം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഞാൻ മേരിക്കുട്ടിയിലെ അഭിനയത്തിന് ജയസൂര്യയും സുഡാനിയിലെ അഭിനയത്തിന് സൗബിനും ചർച്ചകളിലേക്ക് ഉയർന്നെങ്കിലും അന്തിമ വിധി നിർണയത്തിലേക്ക് എത്തിയില്ല.

അതേസമയം, എൻട്രി അയയ്ക്കുമ്പോൾ പാലിക്കേണ്ട നടപടികൾ ക്രമങ്ങൾ പോലും പാലിക്കാതെയാണ് മലയാളത്തിലെ ചില സിനിമകൾ ജൂറിയുടെ മുന്നിലെത്തിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.സിനിമകളുടെ പാട്ടുകൾ പ്രത്യേകം സിഡിയിലാക്കി നൽകണമെന്നതു പോലുള്ള നിസാര നിർദേശങ്ങൾ പോലും പാലിക്കപ്പെട്ടില്ലെന്ന് ജൂറി അംഗങ്ങൾ തന്നെ വെളിപ്പെടുത്തുകയുണ്ടായി. മികച്ച നടന്റെതടക്കം മലയാളം ഇക്കുറി ഏറെ പിന്നിലായിരുന്നുവെന്നാണ് മറ്റൊരു ജൂറി അംഗം പ്രതികരിച്ചത്.

വിവിധ ഭാഷകളിലായി 419 എൻട്രികളാണ് ഇത്തവണ ദേശീയപുരസ്‌കാരത്തിനായി പരിഗണിച്ചത്. അവസാനഘട്ടത്തിൽ 85 ചിത്രങ്ങൾ ജൂറിയുടെ മുൻപിലെത്തി. മലയാളത്തിന് ഇത്തവണ അഞ്ചു പുരസ്‌കാരങ്ങൾ ലഭിച്ചു. ജോസഫിലെ അഭിനയത്തിന് ജോജുവിന് ജൂറിയുടെ പ്രത്യേക പരാമർശവും ഓൾ എന്ന ചിത്രത്തിന് അന്തരിച്ച ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന് മികച്ച ക്യാമറയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. തെലുങ്ക് ചിത്രം മഹാനടിയിലെ അഭിനയത്തിന് കീർത്തി സൂരേഷാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയായത്.