sreeram-

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരണമടഞ്ഞ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാംവെങ്കിട്ടരാമന്റെ 'മറവിരോഗം' ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കും. സംഭവത്തിനുശേഷം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ ഐ.സിയുവിലും ശ്രീറാമിന് നൽകിയ മുഴുവൻ ചികിത്സകളുടെയും രേഖകൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ആശുപത്രി മേധാവികൾക്ക് അന്വേഷണ സംഘം കത്ത് നൽകി. ശ്രീറാമിന് ഡോക്ടർമാർ നിർദേശിച്ച ചികിത്സകളും എക്‌സ്രേ, സ്‌കാൻ റിപ്പോർട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സഹായത്തോടെ വിലയിരുത്തി ആരോഗ്യസംബന്ധമായ സമഗ്രമായ റിപ്പോർട്ട് തയാറാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

രക്തത്തിൽ നിന്നും ആൾക്കഹോളിന്റെയോ മറ്റ് വിധത്തിലുള്ള ലഹരിവസ്തുക്കളുടെയോ സാന്നിദ്ധ്യമൊഴിവാക്കാൻ ശ്രീറാമിന് ഏതെങ്കിലും ചികിത്സ നൽകിയോ എന്നതും പരിശോധിക്കും. അക്കാര്യം പ്രത്യേകം രേഖപ്പെടുത്തും. ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി അവരെ കേസിൽ സാക്ഷിയാക്കും. കാറിടിച്ചശേഷം ശ്രീറാമിന് ഉണ്ടായതായി ഡോക്ടർമാർ പറയുന്ന മറവിരോഗത്തിനുള്ള സാദ്ധ്യതകളും അതിന് നൽകിയ ചികിത്സകളും ആരോഗ്യവകുപ്പിന് കീഴിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സഹായത്തോടെ അന്വേഷണ സംഘം വിലയിരുത്തും. അപകടത്തിനുശേഷം ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് പൂർണമായും ഓർത്തെടുക്കാനാകാത്ത 'റെട്രോഗ്രേഡ് അംനേഷ്യ'യാണ് ശ്രീറാമിന് ബാധിച്ചതെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസികാവസ്ഥയായി പറയുന്ന ഇതിൽ സംഭവത്തെക്കുറിച്ച് എന്നെന്നേക്കുമായി മറന്നുപോകാനോ മാനസിക സമ്മർദ്ദം കുറയുമ്പോൾ സാവകാശം ഓർത്തെടുക്കാനോ കഴിയുമെന്നാണ് ഇയാളെ ചികിത്സിക്കുന്ന ഡോക്ടർമാർ വിശദീകരിക്കുന്നത്. എന്നാൽ, കേസിൽ നിന്ന് ശ്രീറാമിനെ രക്ഷിക്കാൻ നടത്തുന്ന കള്ളക്കളികളുടെ ഭാഗമാണ് മറവി രോഗമെന്നാണ് ആക്ഷേപം. പ്രശസ്ത ന്യൂറോ, ജനറൽ സർജറി, ഓർത്തോ ഡോക്ടർമാരുടെ സഹായത്തോടെ ശ്രീറാമിന്റെ പരിക്കുകളും സ്‌കാൻ, എക്‌സ്രേ പരിശോധനാഫലങ്ങളും നൽകിയ ചികിത്സകളും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. അതിനുശേഷം ആവശ്യമെന്ന് കണ്ടാൽ കോടതിയുടെ അനുമതിയോടെ ശ്രീറാമിനെ ശ്രീചിത്രയിലോ മറ്റോ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം സൂചന നൽകി.

വാഹനം അപകടത്തിൽപ്പെട്ടപ്പോൾ ഇടതുകൈയുടെ മണിബന്ധത്തിനേറ്റ പരിക്കല്ലാതെ ശ്രീറാമിന് മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫയ്ക്കും പരിക്കുണ്ടായില്ല. സീറ്റ് ബൽറ്റ് ധരിച്ചിരുന്ന ഇരുവർക്കും എയർബാഗിന്റെ സംരക്ഷണവും ലഭിച്ചിട്ടുണ്ട്. തലയ്‌ക്കോ നട്ടെല്ലിനോ കാര്യമായ ക്ഷതമേൽക്കത്തക്ക പരിക്കുകളൊന്നും ശ്രീറാമിനില്ലെന്ന സൂചനയുമുണ്ട്. അപകടശേഷം കാറിൽ നിന്നിറങ്ങി പരിക്കേറ്റ ബഷീറിനെ താങ്ങിയെടുത്തതും വഴിയാത്രക്കാരോട് സഹായം അഭ്യർത്ഥിച്ചതും ശ്രീറാമായിരുന്നു. സംഭവം വിവാദമാകുകയും ശ്രീറാമിനെതിരെ സർക്കാർ ശക്തമായ നിലപാട് കൈക്കൊള്ളുകയും ചെയ്തതോടെയാണ് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനും തെളിവുകളില്ലാതെ കേസ് തേച്ച് മാച്ച് കളയാനും കുറുക്ക് വഴികൾ തേടുന്നതെന്നാണ് ആക്ഷേപം.