psc

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിൽ കോളേജുകളിൽ പ്യൂൺമാർ ഉൾപ്പെടെ ഇൻവിജിലേറ്റർമാരായി വരുന്നതിൽ ഒരു പങ്ക് കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോളേജുകളിൽ ജോലി ചെയ്യുന്ന ചില ജീവനക്കാർക്കുമുണ്ടെന്ന് വിവരം. ജീവനക്കാരുടെ പ്രബല സംഘടനയിൽപെട്ട ചിലരാണ് ഇത്തരം കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതത്രേ. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ പി.എസ്.സി ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രം യൂണിവേഴ്സിറ്റി കോളേജാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ശിവരഞ്ജിത്തും നസീമുമൊക്കെയായി അടുപ്പമുള്ള ചില ജീവനക്കാരാണ് വാട്സ് ആപ്പിൽ പുറത്തേക്ക് ചോദ്യങ്ങൾ ചോർത്തിയെന്ന സംശയമാണ് ബലപ്പെടുന്നത്. അതിനിടെയാണ് ഇൻവിജിലേറ്റർമാരെ നിയോഗിക്കുന്നതിനെക്കുറിച്ചുള്ള ഇത്തരം വിവരങ്ങളും പുറത്തുവരുന്നത്.

രണ്ടു വർഷം മുമ്പ് തിരുവനന്തപുരം നഗരത്തിലെ ഒരു സർക്കാർ കോളേജിലേക്ക് ജില്ലയിലെ മറ്റൊരു കോളേജിൽനിന്ന് ഒരു ജൂനിയർ ക്ലാർക്ക് സ്ഥലംമാറി വന്നു. ജീവനക്കാരുടെ ഒരു സംഘടനയുടെ കരുത്തനായ വക്താവായിരുന്നു ഇദ്ദേഹം. സ്ഥലംമാറി വന്നയുടൻ കോളേജിലെ പരീക്ഷാ വിഭാഗത്തിന്റെ ചുമതല ഇദ്ദേഹത്തിനായി. സാധാരണയായി സീനിയർ ക്ലാർക്കിനാണ് ഈ ചുമതല കിട്ടുക. പി.എസ്.സി പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകളുടെ ചുമതല ലഭിച്ചപ്പോൾ ഇദ്ദേഹം ചെയ്തത് ഇനി മുതൽ തന്റെ സംഘടനയിൽ അംഗമല്ലാത്ത ആരെയും പരീക്ഷാ ജോലിക്ക് നിയോഗിക്കാതിരിക്കലാണ്.

ഇൻവിജിലേറ്രർമാരായി കോളേജ് അദ്ധ്യാപകരെ കിട്ടാത്തപ്പോൾ ക്ലാർക്കുമാരെ നിയോഗിക്കാറുണ്ട്. പരീക്ഷാ സെന്ററുള്ള കോളേജിൽ ആവശ്യത്തിന് ക്ലാർക്കുമാരില്ലെങ്കിൽ പരീക്ഷാ കേന്ദ്രമില്ലാത്ത കോളേജുകളിൽ നിന്ന് ക്ലാർക്കുമാരെ വിളിക്കും. എന്നാൽ, ഈ ജീവനക്കാരൻ വന്നതോടെ മറ്ര് കോളേജുകളിലെ പ്യൂൺമാരെയും മറ്ര് ക്ലാസ് ഫോർ ജീവനക്കാരെയും ഇൻവിജിലേറ്രർമാരാക്കിയെന്നാണ് ആക്ഷേപം. തങ്ങളുടെ യൂണിയനിൽ അംഗമല്ലെങ്കിൽ മറ്ര് കോളേജുകളിലെ ക്ലാർക്കുമാരെപ്പാലും പരീക്ഷാ ഡ്യൂട്ടിക്ക് വിളിക്കില്ല. തലസ്ഥാന നഗരത്തിലെ ഒരു സർക്കാർ കോളേജിൽ കഴിഞ്ഞ ജൂലായ് 27 ന് രാവിലെ 8ന് നടന്ന പി.എസ്.സി പരീക്ഷയിൽ സംഘടനാ നേതാവായ ഒരു അറ്രൻഡറെ കൂടാതെ ഒരു സ്‌കൂളിൽ ടീച്ചറായ അയാളുടെ ഭാര്യയെയും ഇതേ കോളേജിൽ ഇൻവിജിലേറ്ററാക്കിയിരുന്നു.

പ്രിൻസിപ്പൽ നിയമിക്കുന്ന ചീഫ് സൂപ്രണ്ടിനാണ് ആ കോളേജിലെ പി.എസ്.സി പരീക്ഷയുടെ ചുമതല. വലിയ കോളേജുകളിലൊഴികെ പ്രിൻസിപ്പൽ തന്നെയാവും ചീഫ് സൂപ്രണ്ടാവുക. എന്നാൽ, പലപ്പോഴും ക്ലാർക്കുമാർ തന്നെയാണ് ചീഫ് സൂപ്രണ്ടിന്റെ ജോലി ചെയ്യുക. ഇൻവിജിലേറ്രർമാർ ആരൊക്കെ വേണമെന്നതൊക്കെ തീരുമാനിക്കുന്നത് ഈ ക്ലാർക്കുമാരായിരിക്കും. ചോദ്യപേപ്പർ ക്ലാസ് മുറികളിൽ എത്തിച്ചു കൊടുക്കുക തുടങ്ങിയ ജോലികളും ഇവർതന്നെ ചെയ്യും.

ഒരു പരീക്ഷാ ഹാളിൽ 20 ഉദ്യോഗാർത്ഥികളാണ് ഉണ്ടാവുക. ഉദ്യോഗാർത്ഥികളുടെ മുമ്പിൽ വച്ചാണ് ചോദ്യക്കടലാസിന്റെ കവർ പൊട്ടിക്കുന്നത്. ഒരു റൂമിൽ 17പേരെ പരീക്ഷയ്ക്ക് വന്നുള്ളുവെങ്കിൽ വരാത്ത മൂന്ന് പേർക്കുള്ള ചോദ്യപേപ്പറുകൾ ജീവനക്കാർ തിരികെ ചീഫ് സൂപ്രണ്ടിന്റെ മുറിയിൽ കൊണ്ടുപോകും. അതിനിടെ ഇവർക്ക് ചോദ്യപേപ്പർ മൊബൈൽ ഫോണിൽ പകർത്തി വാട്സ് ആപ്പ് ചെയ്തുകൊടുക്കാനാവുമെന്നാണ് വിലയിരുത്തൽ. ഇങ്ങനെയാകാം പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടാവുക എന്നാണ് സംശയം. ക്രൈംബ്രാഞ്ച് അന്വേഷണം ഈ വഴിക്കും നീളുമെന്നാണ് കരുതുന്നത്. അന്വേഷണം പൂർത്തിയാവുമ്പോൾ ചോദ്യപേപ്പർ എവിടെ നിന്നാണ് ചോർന്നതെന്ന് വ്യക്തമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.