സ്ത്രീകൾ എപ്പോഴും സൗന്ദര്യവതികൾ ആകണമെന്നുമുള്ള പൊതു കാഴ്ചപ്പാടാണ് നമുക്കുള്ളത്. അതിനാൽ അവർ ദേഹത്തെ രോമമെല്ലാം കളഞ്ഞ് സൗന്ദര്യം കാത്ത് സൂക്ഷിക്കണമെന്നും ദുർമേദസ് വരുന്നത് ഒഴിവാക്കണമെന്നും നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ പുരുഷൻമാരെ ഇത്തരം മുൻധാരണകൾ ബാധിക്കുന്നതായി കാണാറില്ല. ശരീരത്തിലെ പോരായ്മകൾ, പ്രത്യേകിച്ച് സ്ത്രീ ശരീരത്തിലെ പോരായ്മകൾ എടുത്ത് പറഞ്ഞ് അപമാനിക്കുന്നതിനെ 'ബോഡി ഷെയ്മിങ്' എന്നാണു പറയുക.
ഇത്തരത്തിലെ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അറിയപ്പെടുന്ന നടിയും മോഡലുമായ എമിലി രജത്കോവ്സ്‌കി. ശരീര രോമങ്ങൾക്കും വലിയ സന്ദേശങ്ങളാണ് കൈമാറാൻ സാധിക്കുക എന്ന് മനസിലാക്കികൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് എമിലി. തന്റെ കക്ഷത്തിലെ രോമങ്ങൾ ഇങ്ങനെ ധൈര്യത്തോടെ പ്രദർശിപ്പിച്ചുകൊണ്ടാണ് എമിലി തന്റെ ഫോട്ടോഷൂട്ട് നടത്തിയത്. ഫെമിനിസം ചർച്ച ചെയ്യുന്ന ഒരു മാസികയ്ക്ക് വേണ്ടി എഴുതിയ ലേഖനത്തിന്റെ ഭാഗമായാണ് 28കാരിയായ എമിലി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് തന്റെ ലേഖനവും ഫോട്ടോഷൂട്ടും എന്ന് നടി പറയുന്നു. വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിലാണ് ഈ ചിത്രങ്ങൾ നടി പോസ്റ്റ് ചെയ്തത്. എമിലിയുടെ ഈ തീരുമാനത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. നടി ചെയ്തത് വലിയൊരു കാര്യമാണെന്നും സ്ത്രീ ശരീരത്തെ കുറിച്ചുള്ള മുൻവിധികൾ തിരുത്തിയെഴുതാൻ എമിലിയുടെ ഈ പ്രവൃത്തി സഹായകമാണെന്നുമാണ് സോഷ്യൽ മീഡിയയിലെ നിരവധി പേർ അഭിപ്രായപ്പെടുന്നത്.