ലണ്ടൻ: കഴിഞ്ഞ ഏഴുവർഷത്തിനിടെ ആദ്യമായി ബ്രിട്ടന്റെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച നെഗറ്റീവ് നിരക്കിലേക്ക് കൂപ്പുകുത്തി. നെഗറ്റീവ് 0.2 ശതമാനമാണ് ഇക്കഴിഞ്ഞ ഏപ്രിൽ-ജൂണിൽ രേഖപ്പെടുത്തിയത്. യൂറോപ്പ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടന്റെ പിന്മാറ്റ നടപടികളുടെ (ബ്രെക്‌സിറ്റ്) പശ്ചാത്തലത്തിൽ ബിസിനസ് രംഗം നേരിടുന്ന തളർച്ചയാണ് ബ്രിട്ടീഷ് ജി.ഡി.പിയുടെ അപ്രതീക്ഷിത വീഴ്ചയ്ക്ക് കാരണം.
വാഹന നിർമ്മാണ പ്ളാന്റുകളിൽ മിക്കതും അടച്ചിട്ടിരിക്കുന്നു. ജി.ഡി.പിയിൽ മുഖ്യപങ്കു വഹിക്കുന്ന ഉത്‌പാദന മേഖലയുടെ വളർച്ച നെഗറ്റീവ് 1.4 ശതമാനത്തിലേക്ക് ഇടിഞ്ഞത് വലിയ തിരിച്ചടിയായി. ഓഹരി വിപണിയും ഏറെ നാളായി തളർച്ചയിലാണ്. ബ്രിട്ടീഷ് കറൻസിയായ പൗണ്ട് സ്‌റ്റെർലിംഗിന്റെ മൂല്യം 1.20 ഡോളറാണ്. കഴിഞ്ഞ 31 മാസത്തെ താഴ്‌ചയാണിത്. കഴിഞ്ഞമാസം ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം മാത്രം പൗണ്ടിന്റെ മൂല്യം മൂന്നു ശതമാനം ഇടിഞ്ഞിട്ടുണ്ട്.
സ്ഥിതിഗതികൾ അനുകൂലമല്ലെന്ന് വിലയിരുത്തി കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ട് ബ്രിട്ടന്റെ വളർച്ചാ പ്രതീക്ഷ വെട്ടിക്കുറച്ചിട്ടുമുണ്ട്. 2019 ജനുവരി-മാർച്ച് പാദത്തിലെ പോസിറ്റീവ് 0.5 ശതമാനത്തിൽ നിന്നാണ് ഏപ്രിൽ-ജൂണിൽ ബ്രിട്ടീഷ് വളർച്ച നെഗറ്റീവ് 0.2 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. 2019ൽ ബ്രിട്ടന്റെ വളർച്ച 1.3 ശതമാനമായിരിക്കും എന്നാണ് ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെ വിലയിരുത്തൽ. 1.5 ശതമാനം വളരുമെന്നായിരുന്നു നേരത്തേ വിലയിരുത്തിയിരുന്നത്.