bjp

ന്യൂഡൽഹി: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവിനെതിരെ കേസ് എടുത്ത് ഡൽഹി പൊലീസ്. ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ മനോജ് ഷൊകീൻ ആണ് സ്വന്തം മകന്റെ ഭാര്യയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചത്. 2018ൽ പുതുവർഷ രാവിലാണ് സംഭവം നടന്നത്. സംഭവം നടന്ന് ഏറെ നാളുകൾക്ക് ശേഷം വ്യാഴാഴ്ചയാണ് പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഡൽഹിയിലെ നാഗ്ലോയി നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ടു തവണ എം.എൽ.എയായി വിജയിച്ച ആളാണ് മനോജ്.

പുതുവർഷവേളയിൽ തന്റെ ഭർത്താവിന്റെയും സഹോദരന്റെയും ഒപ്പം മീരാ ബാഗിലുള്ള ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. എന്നാൽ വീട്ടിലേക്ക് എത്തിക്കാതെ പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലേക്കാണ് തന്നെ ഭർത്താവ് കൊണ്ടുപോയതെന്ന് യുവതി പറയുന്നു. 'ഹോട്ടലിലെത്തിയപ്പോൾ ഞങ്ങളുടെ ബന്ധുക്കൾ അവിടെ ന്യൂഇയർ ആഘോഷങ്ങൾ നടത്തുകയായിരുന്നു. ഇതിന് ശേഷം 12:30യോടെ ഞങ്ങൾ ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ പോയി. അവിടെ ചെന്ന ശേഷം ഭർത്താവ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയി. ഞാൻ ഉറങ്ങാനും പോയി'. യുവതി പറയുന്നു. ഒന്നര മണിയോടെ യുവതിയോട് മനോജ് ഷൊകീൻ വാതിൽ തുറക്കാനും തനിക്ക് സംസാരിക്കാനുണ്ടെന്നും ആവശ്യപ്പെട്ടു.

'എന്നാൽ മുറിയിൽ കയറിയപ്പോൾ മുതൽ ഭർത്താവിന്റെ അച്ഛൻ എന്റെ ദേഹത്ത് തൊടാൻ ആരംഭിച്ചു. അയാൾ മദ്യപിച്ചിരുന്നു. അതിനാൽ മുറിയിൽ നിന്നും പുറത്ത് പോകാൻ ഞാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് അയാൾ കൈവശമുണ്ടായിരുന്ന തോക്ക് പുറത്തെടുത്തത്. ശബ്ദമുണ്ടാക്കാൻ നോക്കിയപ്പോൾ അയാൾ എന്നെ അടിക്കുകയും, എതിർത്താൽ എന്റെ സഹോദരനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അതിനു ശേഷമാണ് അയാൾ എന്നെ കീഴ്‌പ്പെടുത്തി പീഡിപ്പിച്ചത്. എന്റെ വിവാഹ ജീവിതം മുന്നോട്ട് പോകണമെന്ന് ആഗ്രഹമുള്ളതുകൊണ്ടും എന്റെ സഹോദരന്റെ കാര്യം ആലോചിച്ചിട്ടുമാണ് ഞാൻ ഇത്രയും നാൾ പരാതി നൽകാതിരുന്നത്.' യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിന് മനോജിനും ഭാര്യയ്ക്കുമെതിരെ നേരത്തെ തന്നെ കേസ് നിലവിലുണ്ട്. സംഭവത്തിൽ തങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു.