bank-loan

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയ്ക്ക് പിന്നാലെ ഒട്ടെറെ പൊതുമേഖലാ ബാങ്കുകൾ വായ്‌പകളുടെയും നിക്ഷേപത്തിന്റെയും പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു. വായ്‌പാ-നിക്ഷേപ പലിശനിരക്ക് നിർണയിക്കാൻ ബേസ്‌ റേറ്റ്, മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ്‌ ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) എന്നീ മാനദണ്ഡങ്ങളാണ് ബാങ്കുകൾ ഉപയോഗിക്കുന്നത്. എന്നാൽ, ഇവയ്ക്ക് പകരം റിപ്പോ നിരക്ക് മാനദണ്ഡമാക്കി പലിശ നിർണയിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു.

കഴിഞ്ഞ നാല് ധനനയ നിർണയ യോഗങ്ങളിലായി റിപ്പോ നിരക്കിൽ 1.10 ശതമാനം ഇളവ് റിസർവ് ബാങ്ക് വരുത്തിയെങ്കിലും ആനുപാതിക നേട്ടം ഉപഭോക്താക്കൾക്ക് ബാങ്കുകൾ കൈമാറിയിട്ടില്ല. ഇതിനോട് റിസർവ് ബാങ്കിന് കടുത്ത അമർഷവുമുണ്ട്. കേന്ദ്രസർക്കാരിൽ നിന്നുൾപ്പെടെ സമ്മർദ്ദമേറിയ സാഹചര്യത്തിലാണ് ഇപ്പോൾ ബാങ്കുകളുടെ ചുവടുമാറ്റം.

പലിശ ഇളവിന്റെ നേട്ടം കൈമാറി സമ്പദ്‌മേഖലയ്ക്ക് ഉണർവേകുകയും ഈ നീക്കത്തിന്റെ ലക്ഷ്യമാണ്. എസ്.ബി.ഐ നിരക്കുകൾ റിപ്പോയുമായി ബന്ധിപ്പിച്ചത് കഴിഞ്ഞ മേയിലാണ്. സിൻഡിക്കേറ്ര് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, അലഹബാദ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയാണ് എസ്.ബി.ഐയുടെ പാത സ്വീകരിക്കുന്നത്. സിൻഡിക്കേറ്ര് ബാങ്ക് റിപ്പോയുമായി ബന്ധിപ്പിക്കുന്നത് ഭവന, വാഹന, ഉപഭോക്തൃ വായ്‌പകളാണ്.

ഇതുപ്രകാരം ഭവന വായ്‌പാപലിശ റിപ്പോയ്‌ക്കൊപ്പം ബാങ്കിന്റെ നിരക്കായ 2.9 ശതമാനവും കൂടി ചേർത്ത് 8.3 ശതമാനം നിരക്ക് മുതൽ ലഭിക്കുമെന്ന് സിൻഡിക്കേറ്ര് ബാങ്ക് വ്യക്തമാക്കി. 25 ലക്ഷം രൂപയ്ക്കുമേലുള്ള സേവിംഗ്‌സ് ബാങ്ക് നിക്ഷേപ പലിശയും ബാങ്ക് റിപ്പോയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഭവന, വാഹന വായ്പാ പലിശകൾ എം.സി.എൽ.ആറിന് പകരം റിപ്പോയുമായി ബന്ധിപ്പിക്കുമെന്ന് യൂണിയൻ ബാങ്ക് വ്യക്തമാക്കി. വ്യക്തിഗത വായ്‌പകൾ ഉൾപ്പെടെ റിപ്പോ നിരക്കിലേക്ക് മാറ്റാനുള്ള നീക്കമാണ് ബാങ്ക് ഒഫ് ഇന്ത്യ നടത്തുന്നത്. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും വൈകാതെയും ഇന്ത്യൻ ബാങ്ക് ആഗസ്‌റ്ര് 15 മുതലും പലിശനിരക്കുകൾ റിപ്പോയുമായി ബന്ധിപ്പിക്കും. കൂടുതൽ ബാങ്കുകൾ വൈകാതെ ഇതേപാത സ്വീകരിക്കുമെന്നാണ് വിലയിരുത്തലുകൾ.

ഉപഭോക്താക്കൾക്ക് നേട്ടം

കഴിഞ്ഞ നാല് തവണയായി റിപ്പോ നിരക്കിൽ 1.10 ശതമാനം ഇളവാണ് റിസർവ് ബാങ്ക് വരുത്തിയത്. ഈ ഇളവ് പൂർണമായും വാണിജ്യ ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമാറിയാൽ വായ്‌പകളുടെ പലിശയിൽ 1.10 ശതമാനം വരെ കുറവുണ്ടാകും.

റിപ്പോ നിരക്ക്

റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയാണ് റിപ്പോ. ഇതിപ്പോൾ 5.40 ശതമാനമാണ്.

റിപ്പോയിലേക്ക്

മാറുമ്പോൾ

നിലവിൽ എം.സി.എൽ.ആർ പ്രകാരമാണ് ബാങ്കുകൾ പുതിയ വായ്‌പകൾ അനുവദിക്കുന്നത്. ഇത് ബാങ്കുകൾ തന്നെ നിശ്‌ചയിക്കുന്ന നിരക്കാണ്. റിപ്പോയുമായി വായ്‌പകൾ ബന്ധിപ്പിക്കുമ്പോൾ പലിശനിരക്കിൽ കുറവുണ്ടാകും. കാരണം, ഏറെ നാളായി റിപ്പോനിരക്ക് താഴുകയാണ്.

ഉദാഹരണത്തിന്,

റിപ്പോയുമായി ബന്ധിപ്പിച്ചതു പ്രകാരം സിൻഡിക്കേറ്ര് ബാങ്കിന്റെ ഭവന വായ്‌പാ പലിശ ആരംഭിക്കുന്നത് 8.30 ശതമാനത്തിലാണ്. (റിപ്പോ നിരക്കായ 5.4 ശതമാനവും ബാങ്കിന്റെ നിരക്കായ 2.9 ശതമാനവും ചേരുന്ന നിരക്കാണിത്). എം.സി.എൽ.ആർ പ്രകാരമായിരുന്നുവെങ്കിൽ പലിശ നിരക്ക് ഇതിലും കൂടുമായിരുന്നു.

പലിശ കുറച്ച്

കൂടുതൽ ബാങ്കുകൾ

റിപ്പോ നിരക്കിളവിന്റെ ചുവടുപിടിച്ച് ഒട്ടേറെ ബാങ്കുകൾ വായ്‌പാ പലിശനിരക്ക് കുറച്ചു. റിസർവ് ബാങ്ക് റിപ്പോ കുറച്ച് മണിക്കൂറുകൾക്കകം തന്നെ എസ്.ബി.ഐ വായ്‌പാ പലിശയിൽ 0.15 ശതമാനം ഇളവ് വരുത്തിയിരുന്നു. 8.25 ശതമാനമാണ് എസ്.ബി.ഐയുടെ പുതുക്കിയ നിരക്ക് (ഒരുവർഷ കാലാവധിയുള്ള വായ്‌പ).

കനറാ ബാങ്ക്, യൂകോ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയാണ് പലിശഭാരം കുറച്ച മറ്ര് പ്രമുഖ ബാങ്കുകൾ.