kerala-flood-wayanad
kerala flood wayanad

കൽപ്പറ്റ: വയനാട്ടിൽ മേപ്പാടിയിലെ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുളള തെരച്ചിൽ ദുഷ്കരമായി തുടരുന്നു. സർവ സന്നാഹങ്ങളുമായി എത്തിയ സൈന്യം ഉൾപ്പെടെയുളള ദൗത്യ സംഘത്തിന് കനത്ത മഴയും കാറ്റും മൂലം ലക്ഷ്യ സ്ഥാനത്തേക്ക് എത്താൻ കഴിയാതെ പാതി വഴിയിൽ നിന്ന് പ്രവർത്തനങ്ങൾ നടത്തേണ്ടിവന്നു. ഇവിടെ ഉണ്ടായിരുന്ന ഒരു തോട് വലിയൊരു പുഴയായി രൂപാന്തരപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് തടസമായി. ഇതിനു കുറുകെ വലിയ വടം കെട്ടിയാണ് രക്ഷാപ്രവർത്തകർ കടന്നുപോകുന്നത്. കാലൊന്ന് തെന്നിയാൽ ഒഴുക്കിൽപ്പെടും.

ഇന്നലെ കാലത്ത് ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച മൃതദേഹം പോലും ഇൗ പുഴ വഴി വടം കെട്ടിയാണ് എത്തിച്ചത്. വെളളിയാഴ്ച വൈകിട്ട് ദുരന്ത ഭൂമിയിൽ മണ്ണിനടിയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇന്നലെ നേരം പുലർന്നപ്പോഴാണ് ഇതിനുളള ശ്രമം ആരംഭിച്ചത്. കളളാടിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുളള ദുരന്ത ഭൂമിയായ പുത്തുമലയുടെ പല ഭാഗങ്ങളിലായി കുറെ കുടുംബങ്ങൾ കുടങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമവും മണ്ണിനടിയിൽപ്പെട്ടവർക്കുവേണ്ടിയുളള തെരച്ചിലും ഇന്നലെ വേണ്ടതുപോലെ പുരോഗമിച്ചില്ല. മഴ ശമിച്ചാൽ മാത്രമേ രക്ഷാപ്രവർത്തനം പുരോഗമിക്കുകയുളളൂ. കനത്ത മഴ പെയ്യുന്നതിനാൽ രക്ഷകരായി എത്തേണ്ട നാട്ടുകാർക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

ദുരന്ത ഭൂമിയിലേക്ക് പോകാനുളള റോഡും തകർന്ന പാലങ്ങളും ശരിയാക്കുകയാണ് ദൗത്യസംഘത്തിന്റെ മുന്നിലുളള പ്രധാന കടമ്പ. തകർന്ന റോഡും പാലങ്ങളും തൽക്കാലത്തേക്ക് സൈന്യം നിർമ്മിച്ചു. ഇതുവഴിയാണ് ഇന്നലെ രക്ഷാപ്രവർത്തനം നടന്നത്. കളളാടി മുതൽ പുത്തുമലവരെയുളള ഭാഗങ്ങളിൽ ഒഴുകിയെത്തിയ മണ്ണെടുത്ത ഭൂമി കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തേണ്ടത്. പുത്തുമലയിൽ ആരാധനാലയങ്ങളും തൊഴിലാളികളുടെ പാ‌ടികളും വീടുകളും കാന്റീനും എല്ലാം നില നിന്നിരുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തേണ്ടത്. ഇൗ സ്ഥാപനങ്ങൾ നിന്ന സ്ഥലങ്ങൾ ‌ഏതൊക്കെയെന്ന് രേഖപ്പെടുത്തിയാണ് ദൗത്യ സംഘത്തിന്റെ നീക്കം. മാനന്തവാടി സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.