kavalappara

നിലമ്പൂർ: മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിനിടെ കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ. രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. നാട്ടുകാർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഏകദേശം 150ഓളം പേരാണ് കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്.

രാവിലെ 10.30ന് ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് കുറച്ച് സമയം രക്ഷാപ്രവർത്തനം നിറുത്തിവച്ച് വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പിന്നീട് കനത്ത മഴ കാര്യമാക്കാതെ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പലസ്ഥലങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞിട്ടുണ്ട്.

നേരത്തെ ഇവിടെ നിന്ന് 63പേരെ കാണാതായിരുന്നതായി ജില്ലാ ഭരണകുടം അറിയിച്ചിരുന്നു. അതിൽ നാലുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കണ്ടെത്താനുള്ളതിൽ ഇരുപതിലധികം കുട്ടികളും ഉൾപ്പെടുന്നു. ഏക്കറുകണക്കിന് സ്ഥലത്ത് ഇനിയും തിരച്ചിൽ നടത്താൻ ബാക്കിയുണ്ട്.