ന്യൂഡൽഹി: പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ വിജയകുമാറിനെയും പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ വിജയകുമാർ നിലവിൽ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ ഉപദേഷ്ടാവാണ്. വിജയ് കുമാറിന് പുറമെ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറായ ദിനേശ്വർ ശർമയുടെ പേരും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്.
തമിഴ്‌നാട് കേഡറിലെ 1975 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാർ തമിഴ്‌നാടിനെ വിറപ്പിച്ച ചന്ദനക്കടത്തുകാരനായ വീരപ്പനെ വധിച്ച ദൗത്യസംഘത്തിന്റെ തലവനായിരുന്നു. ദൗത്യസേന തയ്യാറാക്കിയ ഓപ്പറേഷൻ കൊക്കൂൺ 2004 ഒക്ടോബർ 18നാണ് വീരപ്പനെ വധിച്ചത്. കാശ്മീർ താഴ്‌വരയിലെ ബി.എസ്.എഫ് ഐ.ജിയായും വിജയകുമാർ പ്രവർത്തിച്ചിട്ടുണ്ട്.
2010ൽ ചത്തീസ്ഗഡിലെ ദന്തേവാഡയിൽ നക്‌സലൈറ്റ് ആക്രമണത്തിൽ 75 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിന് ശേഷം സർക്കാർ വിജയകുമാറിനെ സി.ആർ.പി.എഫ് ഐ.ജിയായി നിയമിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് വലിയ നക്‌സൽ വേട്ടയ്ക്കാണ് വിജയകുമാറും സംഘവും നേതൃത്വം നൽകിയത്. ഭീകര വിരുദ്ധ ഓപ്പറേഷൻ വിദഗ്ദ്ധനായാണ് വിജയകുമാർ അറിയപ്പെട്ടിരുന്നത്.