ബംഗളൂരു: കർണാടകയിലെ 16 ജില്ലകളെ വെള്ളത്തിലാഴ്ത്തി ആഴ്ചകളായി തുടരുന്ന കനത്തമഴയിൽ 24പേർ മരിച്ചതായി റിപ്പോർട്ട്. 6000കോടി രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നതായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. 'കഴിഞ്ഞ 45 വർഷത്തിനിടയിലെ മഹാദുരന്തമാണിത്. മഹാരാഷ്ട്ര അതിർത്തിയിലെ ഡാമുകൾ തുറന്നുവിട്ടതിനാൽ നദികളെല്ലാം അപകടകരമാംവിധം കരകവിഞ്ഞൊഴുകുകയാണ്. 2.45ലക്ഷം പേർക്ക് കിടപ്പാടം നഷ്ടമായി. 1024 ഗ്രാമങ്ങൾ വെള്ളത്തിലായി. എനിക്കൊരു മന്ത്രിസഭയില്ല. എന്നാലും പാർട്ടിഭേദമന്യേ എല്ലാ ജനപ്രതിനിധികളും സഹായഹസ്തവുമായി മുന്നിലുണ്ട് യെദിയൂരപ്പ പറഞ്ഞു. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനും പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിച്ചു.
പരാതിപറയാനെത്തിയവർക്ക് നേരെ ലാത്തിച്ചാർജ്ജ്
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പയോട് പരാതി പറയാനെത്തിയവർക്ക് നേരെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ മുഖ്യമന്ത്രിക്ക് നേരെ വ്യാപകപ്രതിഷേധമുയർന്നു. കുടകിലെ കൊണ്ണൂർ താലൂക്കിലാണ് സംഭവം. സ്ഥലത്തെത്തിയിട്ടും പുറത്തിറങ്ങാതെ കാറിനുള്ളിൽ ഇരുന്ന മുഖ്യമന്ത്രിയോട് പരാതി പറയാൻ ദുരന്തബാധിതർ കൂട്ടത്തോടെയെത്തി. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതിരുന്നതോടെ ജനങ്ങൾക്ക് നേരെ പൊലീസ് ലാത്തി വീശി. പിന്നീട് കയറുകെട്ടി ആളുകളെ നിയന്ത്രിച്ചു. കാറിൽ നിന്നിറങ്ങി ജനങ്ങളുടെ പരാതി കേൾക്കാനോ ലാത്തി ചാർജ്ജ് തടയാനോ ശ്രമിക്കാതിരുന്ന മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയകളിൽ വ്യാപക വിമർശനമുയർന്നു.
മഹാരാഷ്ട്രയിൽ മരണ സംഖ്യ 32, ഗുജറാത്തിൽ 11
മുംബയ്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്ത മഴ ദുരിതം വിതയ്ക്കുകയാണ്. മഹാരാഷ്ട്രയിൽ മഴക്കെടുതിയിപ്പെട്ട് 32പേർ മരിച്ചെന്നാണ് റിപ്പോർട്ട്. സോലാപൂർ, സാംഗ്ളി, സതാര, കോലാപൂർ, പൂനെ തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലുമായി രണ്ടര ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മദ്ധ്യപ്രദേശിൽ ഇൻഡോർ, ഭോപ്പാൽ, ഉജ്ജയിൻ തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്ക് നേരിയ കുറവുണ്ടെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്.
ഒഡീഷയിലും മഴയ്ക്ക് കുറവുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമാണ്.ഗുജറാത്തിൽ മതിലിടിഞ്ഞ് വീണ് 4 പേർ മരിച്ചതുൾപ്പെടെ കനത്തമഴയിൽപ്പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായി. തമിഴ്നാട്ടിലെ നീലഗിരിയിൽ മഴക്കെടുതിൽ 5 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. കോയമ്പത്തൂരിലും നീലഗിരിയിലും ഇപ്പോഴും മഴ തുടരുകയാണ്. 28ഓളം ദുരിതാശ്വാസ ക്യമ്പുകളും തുറന്നിട്ടുണ്ട്. തേനി, കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങളിൽ 2 ദിവസത്തിനുള്ളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിലെ വംശധാര, നാഗവലി നദികൾ കവിഞ്ഞൊഴുകുകയാണ്. മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഢി, പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്തി. ഗോവ, ബംഗാൾ എന്നിടങ്ങളിലും രണ്ട് ദിവത്തിനുള്ളൽ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒഡിഷയിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി മാറ്റിപ്പർപ്പിച്ചത്.