ന്യൂഡൽഹി: കാലാവധി അവസാനിച്ചിട്ടും ചരക്കു-സേവന നികുതി (ജി.എസ്.ടി) ദായകരിൽ 80 ശതമാനം പേരും 2017-18ലെ റിട്ടേൺ സമർപ്പിച്ചില്ല. ആഗസ്‌റ്റ് മൂന്നായിരുന്നു അവസാന തീയതി. എന്നാൽ, 90 ലക്ഷം നികുതിദായകരിൽ 19.3 ലക്ഷം പേർ മാത്രമാണ് ഇക്കാലയളവിനുള്ളിൽ ജി.എസ്.ടി റിട്ടേൺ (9, 9എ., 9സി ഫോമുകൾ) സമർപ്പിച്ചത്. പിഴ കൂടാതെ റിട്ടേൺ സമർപിക്കാൻ ആഗസ്‌റ്റ് 31 വരെ സമയം അനുവദിക്കുമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ് ചെയർമാൻ പ്രണാബ് കെ. ദാസ് പറഞ്ഞു.

അതത്, പ്രദേശത്തെ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റിട്ടേൺ സമർപ്പിക്കാൻ നികുതിദായകരെ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. രണ്ടു കോടി രൂപയ്ക്കുമേൽ വിറ്റുവരവുള്ള കമ്പനികൾ ഓഡിറ്റിംഗ് നടത്തണമെന്ന ചട്ടം ഒട്ടേറെ സ്ഥാപനങ്ങൾ പാലിച്ചിട്ടില്ല. ചാർട്ടേഡ് അക്കൗണ്ടന്റുകളെ ലഭ്യമല്ലാത്തതാണ് കാരണമെന്നാണ് കമ്പനികളുടെ വാദം. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്‌റ്റ് 31 ആണ്. ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഇതിന്റെ നടപടികളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും കമ്പനികൾ പറയുന്നു.