kavalappara

നിലമ്പൂർ: മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ. റബ്ബർ കൃഷിക്കായി മലമുകളിൽ മണ്ണുമാന്തി യന്ത്രമായ ഹിറ്റാച്ചി ഉപയോഗിച്ച് കുഴിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മണ്ണൊലിച്ച് താഴേക്കിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും നാട്ടുകാർ വ്യക്തമാക്കി.

പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. കളക്‌ടറോടക്കം പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. റബർതൈകൾ പിഴുതെറിഞ്ഞു പോലും നാട്ടുകാർ പ്രതിഷേധിച്ചു. ജില്ലാഭരണകൂടത്തിന് പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

അതേസമയം, രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി. ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതുകൊണ്ട് അപകടങ്ങൾ ഉണ്ടായില്ല. ഏകദേശം 150ഓളം പേരാണ് കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. രാവിലെ 10.30ന് ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് കുറച്ച് സമയം രക്ഷാപ്രവർത്തനം നിറുത്തിവച്ചിരുന്നു. പിന്നീട് കനത്ത മഴ കാര്യമാക്കാതെ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പലസ്ഥലങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞിട്ടുണ്ട്.