വയനാട്: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലെ ഉരുൾപൊട്ടലിൽ കാണാതായവരിൽ ഇനി കണ്ടെത്താനുള്ളത് ഒമ്പത് പേരെയെന്ന് സി.കെ ശശീന്ദ്രൻ എം.എൽ.എ. നാട്ടുകാരും രക്ഷാപ്രവർത്തകരും ഇന്നലെ നടത്തിയ തെരച്ചിലിൽ 9 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
അവശേഷിക്കുന്നവർക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് തെരച്ചിൽ തുടരുകയാണ് രക്ഷാപ്രവർത്തകർ. കനത്ത മഴ തെരച്ചിൽ ദുഷ്കരമാക്കുകയാണ്. പുത്തുമലയിൽ എത്താൻ കഴിയാതെ രക്ഷാ പ്രവർത്തകരും കുടുങ്ങിയിരുന്നു. ഹാരിസൺ പ്ളാന്റേഷനിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മേപ്പാടി പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല ഇടിഞ്ഞ് താഴ്ന്ന് അപ്പാടെ ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിലുള്ളത്. ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് മണിയോടെ ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അമ്പത് കടന്നു.