കൊച്ചി: ഇന്ത്യയിൽ വിലകൂടിയ സ്‌മാർട്‌ഫോണുകൾക്ക് (പ്രീമിയം) പ്രിയമേറുന്നതായി കൗണ്ടർ പോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. ബഡ്‌ജറ്റ് ഫോണുകളുടെ വലിയ വിപണിയെന്ന സ്ഥാനം ഇന്ത്യ ഉപേക്ഷിക്കുന്ന തരത്തിലേക്കാണ് വിപണിയുടെ കുതിപ്പെന്നും റിപ്പോർട്ടിലുണ്ട്.
20,000 രൂപയ്‌ക്കുമേൽ വിലയുള്ള സ്‌മാർട്‌ഫോണുകളുടെ വിപണി വിഹിതം 2018 ഏപ്രിൽ-ജൂൺപാദത്തിൽ മൂന്ന് ശതമാനമായിരുന്നത് ഈവർഷം ജൂൺപാദത്തിൽ നാല് ശതമാനമായി ഉയർന്നു. 15,000 രൂപവരെ വിലയുള്ള (ബഡ്‌ജറ്റ്) ഫോണുകളാണ് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്നത്. എന്നാൽ, ഇവയുടെ വിഹിതം ഇക്കഴിഞ്ഞ ഏപ്രിൽ-ജൂണിൽ 27 ശതമാനമായി കുറഞ്ഞു. 2018 ഏപ്രിൽ-ജൂണിൽ 32 ശതമാനവും 2019 ജനുവരി-മാർച്ചിൽ 30 ശതമാനവുമായിരുന്നു വിഹിതം.
15,000 മുതൽ 20,000 രൂപവരെ വിലയുള്ള ഫോണുകളുടെ വിപണിവിഹിതം എട്ട് ശതമാനത്തിൽ നിന്ന് 16 ശതമാനമായി ഇരട്ടിച്ചുവെന്നും കൗണ്ടർപോയിന്റ് റിസർച്ച് വ്യക്തമാക്കി. ഷവോമി, ഓപ്പോ, സാംസംഗ് എന്നിവയാണ് ബഡ്‌ജറ്ര് ശ്രേണിയിൽ ഏറ്റവും കൂടുതൽ വില്‌പന കാഴ്‌ചവയ്ക്കുന്നത്. 15,000-20,000 രൂപ ശ്രേണിയിൽ സാംസംഗും വിവോയും ഷവോമിയുമാണ് മത്സരിക്കുന്നത്. വൺപ്ളസ്, സാംസംഗ്, ആപ്പിൾ എന്നിവയാണ് പ്രീമിയം സ്‌മാർട്‌ഫോൺ വിപണിയിലെ പ്രമുഖർ.