ഈ ഡിജിറ്റൽ യുഗത്തിൽ വായന പേപ്പറിൽ മാത്രം ഒതുക്കുന്നതാണ് നല്ലതെന്നാണ് പൊതുവായുള്ള അഭിപ്രായം. വായനയുടെ പൂർണമായ സുഖം ലഭിക്കണമെങ്കിൽ കടലാസിൽ തന്നെ വായിക്കണം എന്നും പേപ്പറിന്റെ മണവും സ്പർശവും നിർബന്ധമാണെന്നും അഭിപ്രായമുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് അത് അത്ര എളുപ്പമല്ല. കാരണം സ്മാർട്ഫോണും കൊണ്ട് നടക്കുന്ന പലരും വായനയും ഇപ്പോൾ അതിൽ തന്നെ ആക്കിയിരിക്കുകയാണ്. എന്നാൽ ഇത് പാടില്ലെന്നും കണ്ണുവേദനയ്ക്കും തലവേദനയ്ക്കും, ക്യാൻസറിനും വരെ ഈ 'മൊബൈൽ വായന' കാരണമാകുമെന്നാണ് പ്രചാരത്തിലുള്ള അഭിപ്രായം. എന്നാൽ ഇതിൽ വലിയ സത്യമൊന്നുമില്ല. മൊബൈൽ വായനയ്ക്ക് ചില്ലറ ഗുണങ്ങളൊക്കെയുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
എവിടെ വേണമെങ്കിലും കൊണ്ടുപോകാം - 'പോർട്ടബിൾ' ആണെന്നുള്ളതാണ് ഇ-റീഡിങ് ഡിവൈസുകളുടെ പ്രത്യേകത. ഇവ എവിടെ വേണമെങ്കിലും കൊണ്ടുപോകാം. ഭാരിച്ച, എണ്ണമില്ലാത്ത പേജുകളുള്ള ബുക്കുകൾ താങ്ങി നടന്ന് ക്ഷീണിക്കേണ്ടതില്ല. മാത്രമല്ല ആമസോണിന്റെ 'കിൻഡിൽ' പോലെയുള്ള ഇ റീഡറുകളിൽ ആയിരത്തിലധികം ബുക്കുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.
സൗജന്യമായി പുസ്തകങ്ങൾ - ഈ റീഡറുകൾ വഴി ലഭിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന് കണക്കില്ല. ഇന്റർനെറ്റിൽ ലക്ഷക്കണക്കിന് ഇ പുസ്തകങ്ങൾ സൗജന്യമായും അല്ലാതെയും ലഭ്യമാണ്. ഇക്കൂട്ടത്തിൽ സൗജന്യ പുസ്തകങ്ങളാണ് കൂടുതലും. അതുകൊണ്ട് തന്നെ, ഈ സൗകര്യത്തിലൂടെ പണം മാത്രമല്ല. ബുക്കുകൾ പോയി എടുക്കാനും വാങ്ങാനും ആവശ്യമായ സമയവും ലാഭിക്കാം.
സ്ഥലം ലാഭിക്കാം - ചെറിയ പുസ്തകങ്ങളായാലും വലിയ പുസ്തകങ്ങളായാലും, ഇവ സൂക്ഷിക്കണമെങ്കിൽ കാര്യമായ സ്ഥലം ആവശ്യമാണ്. മാത്രമല്ല, ഒരുപാട് പുസ്തകങ്ങൾ ഉണ്ടെങ്കിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനായി ഷെൽഫുകളും അലമാരകളും മറ്റും വാങ്ങിക്കേണ്ടതായിട്ടും വരും. ഇതിനാണെങ്കിലോ വൻ പണച്ചിലവുമാണ്. ഈ റീഡറുകൾ ഉപയോഗിച്ചാൽ ഇതുവഴി പണവും സ്ഥലവും ലാഭമാണ്.
കുറിപ്പുകൾ തയാറാക്കാം - സ്ഥിരമായി വായിക്കുന്നവർക്കുള്ള മറ്റൊരു ശീലമാണ് വായനയ്ക്കിടയിൽ കുറിപ്പുകൾ തയാറാക്കുക എന്നത്. വായിക്കുന്ന കാര്യങ്ങൾ ഓർമയിൽ നിൽക്കുന്നതിന് വേണ്ടിയാണിത്. ചിലർ ഇതിനായി പ്രത്യേകം നോട്ടുപുസ്തകങ്ങൾ പോലും വാങ്ങാറുണ്ട്. എന്നാൽ ഇത് നല്ല മിനക്കേടുണ്ടാക്കുന്ന പണിയാണ്. അവിടെയാണ് ഈ സൗകര്യമുള്ള ഇ ബുക്കുകൾ നമ്മെ സഹായിക്കാനെത്തുന്നത്. ഇവയിൽ അതിനായുള്ള എല്ലാ സൗകര്യവുമുണ്ട്.
നിഘണ്ടു സൗകര്യം - വായനയ്ക്കിടയിൽ പലപ്പോഴും വായിക്കുന്ന എല്ലാ വാക്കുകളും മനസിലായി എന്ന് വരില്ല. അപ്പോൾ വായനയ്ക്കിടയിൽ അടുത്ത് തന്നെ ഒരു ഡിക്‌ഷണറി ആവശ്യമായി വരും. അത് പലപ്പോഴും എടുത്ത് നോക്കേണ്ടിയും വരും. ഈ അസൗകര്യം മുൻകൂട്ടി കണ്ട് പല ഇ റീഡർ നിർമാതാക്കളും റീഡറിൽ തന്നെ നിഘണ്ടുവും നൽകിയിട്ടുണ്ട്. അർത്ഥമറിയേണ്ട വാക്കിൽ ഒന്ന് തൊട്ടാൽ മതി.