മനുഷ്യനു വേണ്ടതെല്ലാം വിപണികൾ നിശ്ചയിക്കുകയും നിർണയിക്കുകയും ചെയ്യുന്ന കാലമാണിത്. ആഹാരം, വസ്ത്രം, പാർപ്പിടം, തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ മുതൽ അലങ്കാരങ്ങൾ, ആഘോഷങ്ങൾ, വിനോദയാത്രകൾ വരെ വിപണിയ്ക്ക് അധീനമായിത്തീർന്നിരിക്കുന്നു. ഏതൊന്നിന്റെയും ഗുണമേന്മയെ മാത്രം അടിസ്ഥാനമാക്കി ക്രയവിക്രയങ്ങൾ ചെയ്തിരുന്ന പൂർവികരെ വിസ്മൃതമാക്കുന്നതാണ് ആധുനിക വിപണി സംസ്കാരം. വിളയിക്കുന്നവരേക്കാൾ വിളവെടുപ്പിന്റെ ഗുണവും വിലയും തിട്ടപ്പെടുത്തുന്നവരുടെ സങ്കേതമായി വിപണി മാറിയപ്പോൾ ഉത്പാദിപ്പിക്കുന്നവന്റെ ഹൃദയമിടിപ്പ് ആരും കേൾക്കാതെയായി.
ഒരുവൻ എന്ത് ഭക്ഷിക്കണം എന്ത് പഠിക്കണം എന്ത് ധരിക്കണം എന്നതു മുതൽ എന്തു കാണണം എന്തു കേൾക്കണം എന്ത് വായിക്കണം എന്ത് ചിന്തിക്കണം എന്നതിൽ വരെ വിപണി സംസ്കാരത്തിന്റെ സ്വാധീനമേറുന്നു. മുൻകാലങ്ങളിൽ നമ്മുടെ വിദ്യാലയങ്ങളും ആതുരാലയങ്ങളും ഭോജനാലയങ്ങളും വിപണിയുടെ ഭാഗമേയായിരുന്നില്ല. എന്നാലിന്ന് ഇവയുൾപ്പടെ എല്ലാ മേഖലകളെയും പുത്തൻവിപണി സംസ്കാരം കയ്യടക്കുന്നു. ഇത് നമ്മുടെ ധാർമ്മികതയെ വല്ലാതെ ഉലയ്ക്കും.
യഥാർത്ഥമായത് ഏത്, കൃത്രിമമേത് എന്ന് തിരിച്ചറിയാനാവാത്ത നിലയിലേക്ക് വളരുന്ന വിപണിയിൽ നിന്നും മറഞ്ഞു പോകുന്നത് നന്മയുടെയും മേന്മയുടെയും തലങ്ങളാണ്. ആകർഷകത്വം നിറഞ്ഞ പരസ്യം കൊണ്ടാണ് വിപണിയിൽ ഗുണമേന്മ നിർവചിക്കുന്നത്. നല്ലതിനെ വെല്ലുന്ന വ്യാജന്മാർ എല്ലാ രംഗത്തെയും കീഴടക്കുന്ന പ്രവണത വളരുന്നത് ആരോഗ്യമുള്ള സമൂഹത്തിന്റെ രൂപപ്പെടലിനു ആശാസ്യമല്ല. അതിനാൽ നല്ലതിനെ തിരിച്ചറിയാനാവാത്ത ഒരു ഉപഭോക്തൃ സംസ്കാരത്തെ നിരുത്സാഹപ്പെടുത്തുക തന്നെ വേണം. അതുണ്ടാകാതെ വന്നാൽ പാലം 'പല'മാകുന്ന നില വന്നുചേരും. 'പല'മെന്നാൽ 'പാട'യെന്നാണർത്ഥം. 'പാല'ത്തിനു 'പാട'യുടെ അവസ്ഥ വന്നാൽ ദുരന്തഫലം ഊഹിക്കാമല്ലോ. അതുകൊണ്ട് കൃത്രിമത്വം കലരാത്ത ജൈവികതയെ കാണാനും അറിയാനും സ്നേഹിക്കാനും അനുഭവിക്കാനും ശ്രദ്ധിക്കണം. കാരണം കൃത്രിമത്വം നമ്മുടെ ജൈവികവാസനയെ വിളയെ കളയെന്നപോലെ നശിപ്പിച്ചു കൊണ്ടിരിക്കും.
ഒരിക്കൽ കൃത്രിമമായ യാതൊന്നിനും ജീവിതത്തിൽ ഇടംകൊടുക്കാതിരുന്ന ഒരു രാജകുമാരിയുണ്ടായിരുന്നു. പ്രകൃതിയിൽ നിന്നും നേരിട്ടുകിട്ടുന്ന ഇലയും ഫലമൂലാദികളുമായിരുന്നു അവർ ഭക്ഷിച്ചിരുന്നത്. കൃത്രിമചായം കലർത്തിയ ഉടയാടകളോ കൃത്രിമമായുണ്ടാക്കിയ ആഭരണങ്ങളോ അവർ ധരിച്ചിരുന്നില്ല. പ്രകൃതിയെ പ്രണയിച്ചുകഴിഞ്ഞിരുന്ന അവർക്ക് വിവാഹകാലമായി. രാജാവ് തന്റെ മകൾക്ക് അനുരൂപനായ വരനെ അന്വേഷിച്ച് നാലുദിക്കിലേക്കും ദൂതന്മാരെ അയച്ചു. വളരെ സുന്ദരിയായിരുന്ന രാജകുമാരിയെ വധുവായിക്കിട്ടാൻ ആഗ്രഹിച്ച് വളരെപേർ കൊട്ടാരത്തിലെത്തി. അവരിൽ വിദ്വാന്മാരും രാജകുമാരന്മാരും വ്യാപാരികളും കൃഷിക്കാരുമുണ്ടായിരുന്നു. അവരിൽ നിന്നും കൃത്രിമത്വത്തിന്റെ ആകർഷണീയതയിൽപ്പെടാത്ത ഒരാളെ കണ്ടെത്താൻ എങ്ങനെ കഴിയുമെന്നോർത്ത് രാജാവ് ശങ്കിച്ചു. രാജകുമാരി തന്നെ അതിനൊരുപായം കണ്ടുപിടിച്ചു. അവർ കൊട്ടാരത്തിലെ കലാകാരന്മാരെക്കൊണ്ട് കുറെയധികം കൃത്രിമ പൂക്കളെ സൃഷ്ടിച്ചു. നേരായ പൂക്കളെക്കാൾ മനോഹരങ്ങളായിരുന്നു അവ. കൃത്രിമപ്പൂക്കളെല്ലാം വലിയ ഇലയിൽ നിരത്തിവെച്ചു. അതിനിടയിൽ കൊട്ടാരം പൂന്തോട്ടത്തിൽ നിന്നും അടർത്തിയെടുത്ത ഒരു പൂവും തിരുകിവെച്ചു. വിവാഹ അഭ്യർത്ഥനയുമായെത്തിയവരിൽ നിന്നും ആരാണോ മണത്തുംതൊട്ടും നോക്കാതെ യഥാർത്ഥ പൂവിനെ കണ്ടെത്തുന്നത് അയാളായിരിക്കും തന്റെ വരനെന്ന് രാജകുമാരി പ്രഖ്യാപിച്ചു. എന്നാൽ യഥാർത്ഥ പൂവെന്നു തെറ്റിദ്ധരിച്ച് പലരും കൃത്രിമപ്പൂക്കളെയാണ് തെരഞ്ഞെടുത്തത്. അവർക്കു പിന്നാലെയെത്തിയ ബുദ്ധിമാനായ കർഷകപുത്രൻ തന്റെ കൈയിൽ സൂക്ഷിച്ചിരുന്ന ചെറുകുപ്പി തുറന്ന് ഒരു ഈച്ചയെ പുറത്തേക്കു വിട്ടു. അതു പറന്ന് യഥാർത്ഥ പൂവിൽ ചെന്നിരുന്നു. അവന്റെ ബുദ്ധിയിലും ജൈവികവാസനയിലും മതിപ്പുതോന്നിയ രാജകുമാരി അവനെ വരനായി തെരഞ്ഞെടുത്തു.
ഇങ്ങനെ ഉള്ളിലിരിക്കുന്ന ജൈവികവാസനയെ കൈവിടാതിരിക്കുന്ന തരത്തിൽ വസ്തുക്കളുമായി ഇടപഴകാനും വ്യവഹരിക്കാനും നമുക്ക് കഴിയണം. അപ്പോഴേ ഈശ്വരീയതയുടെ മഹിമ നമ്മിൽ മിഴിവുറ്റതാവൂ.
എവിടെയെല്ലാമാണോ അയഥാർത്ഥമായതുമായി നമ്മൾ കൂടിച്ചേരുന്നത് അവിടെയെല്ലാം നമ്മുടെ ജൈവികവാസന അറ്റുപോകും. സനാതനമായ മൂല്യങ്ങളുടെയെല്ലാം സത്തയിരിക്കുന്നത് ജൈവികവാസനയിലാണ്. ഒരുവൻ സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും ഈ വാസനാമുകുളത്തിന്റെ തളിരിടലിലൂടെയാണ്. വിപണിസംസ്കാരത്തിന് വിധേയനായിത്തീരുന്നവനിൽ ഈ തളിരിടൽ സംഭവിക്കില്ല. കാരണം അവിടത്തെ വിനിമയത്തിന്റെ മൂല്യമായിരിക്കുന്നത് സ്നേഹമോ ത്യാഗമോ കാരുണ്യമോ സാഹോദര്യമോ അല്ല. മറിച്ച് ഇതിന്റെയൊന്നും തിളക്കം ഉള്ളടക്കത്തിലില്ലാത്ത പണത്തിന്റെ പെരുപ്പമാണ്. ഈ പണത്തെ ഒരുവനു നഷ്ടപ്പെടുത്താനും കടം കൊടുക്കാനും നശിപ്പിച്ചു കളയാനും സമ്പാദിക്കാനും എളുപ്പമാണ്. പക്ഷേ ജൈവികവാസനയുളള ഒരുവനു ഒരിക്കലും അവനിലിരിക്കുന്ന സ്നേഹത്തെയോ ത്യാഗത്തെയോ കാരുണ്യത്തെയോ നഷ്ടപ്പെടുത്താനോ കടം കൊടുക്കാനോ നശിപ്പിക്കാനോ സാധിക്കില്ല. ഇതാണു വിപണി സംസ്കാരവും ജൈവികവാസനയിൽ നിന്നുളവാകുന്ന സംസ്കാരവും തമ്മിലുള്ള അന്തരം.
ഈ സത്യം നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു തൃപ്പാദരചനയാണ് സ്വാനുഭവഗീതിയിലെ 19-ാമത് പദ്യം.
വീഴുമ്പോഴിവയെല്ലാം
പാഴിൽ തനിയേ പരന്ന തൂവെളിയാം
ആഴിക്കെട്ടിലവൻ താൻ
വീഴുന്നോനല്ലിതാണു കൈവല്യം.
ഈ ബാഹ്യപ്രകൃതിയിൽ കാണുന്ന കൃത്രിമ- ജഡ പദാർത്ഥങ്ങളെല്ലാം സനാതനമൂല്യങ്ങളറ്റ് ആശ്രയമാകാതെ അകന്നു പോകുമ്പോൾ തെളിഞ്ഞുവരുന്ന ജൈവികവാസനയാൽ ശുദ്ധബോധം അനുഭവമാകും. അവൻ പിന്നെ, തന്നെ താനല്ലാതാക്കുന്ന കൃത്രിമത്വത്തിന്റെ ആഴിക്കെട്ടിൽ വീഴുകയില്ല. അവനാണു വിജയി, അഥവാ ജിതകാമൻ.