indian-couple-

വാഷിംഗ്ടൺ: അമേരിക്കയിലെ ഫിലാഡെൽഫിയയിൽ സ്വകാര്യ ചെറുവിമാനം തകർന്ന് പ്രശസ്തരായ ഇന്ത്യൻ ഡോക്ടർ ദമ്പതികളും 19കാരിയായ മകളും മരിച്ചു. ഡോ. ജസ്‌വീർ ഖുറാന (60), ഡോ. ദിവ്യ ഖുറാന (54), മകൾ കിരൺ എന്നിവരാണു മരിച്ചത്. 44 വർഷം പഴക്കമുള്ള വിമാനം പറത്തിയിരുന്നത് പൈലറ്റ് ലൈസൻസുള്ള ഡോ. ജസ്‌വീർ ഖുറാനയാണ്. ഡൽഹി എയിംസിൽ പരിശീലനം പൂർത്തിയാക്കിയ ജസ്‌വീറും ഭാര്യയും രണ്ടു പതിറ്റാണ്ടു മുമ്പാണ് അമേരിക്കയിലേക്കു പോയത്. സെന്റ് ക്രിസ്റ്റഫർ ആശുപത്രിയിലെ ഡോക്ടറായിരുന്നു ദിവ്യ ഖുറാന. രാവിലെ ആറു മണിക്ക് വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ വിമാനത്താവളത്തിൽനിന്നു കൊളംബസിലെ ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിമാനത്താവളത്തിലേക്കായിരുന്നു ഇവരുടെ യാത്ര. പറന്നുയർന്നു മിനിട്ടുകൾക്കുള്ളിൽ വിമാനം തകർന്നുവീണെന്നാണ് റിപ്പോർട്ട്.