news

1. ശമനമില്ലാത്ത ദുരിതപെയ്ത്തില്‍ കവളപ്പാറയില്‍ 63 പേരെ കാണാതായി എന്ന് ജില്ലാഭരണകൂടം. കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടല്‍. രക്ഷാ പ്രവര്‍ത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രണ്ടാം തവണയാണ് ഇവിടെ ഉരുള്‍പ്പൊട്ടുന്നത്. ഇനി കണ്ടെത്താന്‍ ഉള്ളത് 59 പേരെ. ഇവിടെ നാല് പേരുടെ മൃതദേഹം കണ്ടെത്തി. കണ്ടെത്താന്‍ ഉള്ളവരില്‍ 20 ല്‍ അധികം പേര്‍ കുട്ടികളാണ്.
2. വയനാട് പുത്തുമലയില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇവിടെ കണ്ടെത്താന്‍ ഉള്ളത് 9 പേരെ. വയനാട് അട്ടമല ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ 20ല്‍ അധികം ആദിവാസികള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവിടേക്ക് എത്തിപ്പെടാനുള്ള ഏക പാലമായ പാലേങ്കര പാലം അപകട അവസ്ഥയിലാണ്. പാലക്കാട് അട്ടപ്പാടിയില്‍ ഭവാനിപ്പുഴ കര കവിഞ്ഞൊഴുകി. പട്ടിമാളം തുരുത്തില്‍ അകപ്പെട്ടവരെ ഫയര്‍ഫോഴുസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി
3. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കോട്ടക്കുന്നില്‍ തിരച്ചില്‍ നിറുത്തിവെച്ചു. മണ്ണിടിയാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് ഉള്ളതിനാലാണ് തിരച്ചില്‍ നിറുത്തിയത്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ പല മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഒട്ടാകെ 1,111 ക്യാമ്പുകള്‍ തുറന്നു. 1,24, 464 ആളുകള്‍ ക്യാമ്പില്‍ തുടരുകയാണ്
4. വടക്കന്‍ കേരളത്തില്‍ മഴ അതിശക്തമായി തുടരുകയും ഡാമുകളില്‍ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ആണ് അണക്കെട്ട് തുറന്നത്. ഭൂരിഭാഗം പ്രദേശവാസികളെയും ഒഴിപ്പിച്ചു. അണക്കെട്ട് തുറന്നതു മൂലം കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ വര്‍ധിക്കും. ഇരു കരകളിലും ഉള്ള ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം എന്ന് ഡാം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു


5. ഇടുക്കി, ഇടമലയാര്‍, കക്കി, പമ്പ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കെ.എസ്.ഇ.ബി. ഈ ഡാമുകളില്‍ എല്ലാം തന്നെ സംഭരണ ശേഷിയുടെ പകുതിയിലും താഴെ ആണ് ജലനിരപ്പ്. അതിരപ്പള്ളി വെള്ളച്ചാട്ടം അതിന്റെ രൗദ്രഭാവത്തില്‍ എത്തി നില്‍ക്കുക ആണ്. വെള്ളച്ചാട്ടത്തില്‍ സാധാരണ വര്‍ഷകാലത്ത് ഉണ്ടാകുന്നതിനേക്കാള്‍ രണ്ടിരട്ടി വെള്ളം ഉണ്ടെന്ന് വനം വകുപ്പ് അധികൃതര്‍. വനത്തില്‍ ശക്തമായ മഴ പെയ്യുന്നതും പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതും ആണ് വലിയ ഒഴുക്കിന് കാരണമായത്
6. കുട്ടനാട്ടിലേക്ക് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ചങ്ങനാശേരി- ആലപ്പുഴ എ.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിറുത്തി. കുട്ടനാട് തഹസില്‍ദാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. ഇന്നു രാവിലെ മുതല്‍ റോഡില്‍ വെള്ളം കയറി ഇരുന്നു
7. നാല് ദിവസമായി തുടരുന്ന തോരാമഴ വടക്കന്‍ ജില്ലകളില്‍ അതിശക്തം. പാലക്കാട് വീണ്ടും മഴ കനത്തു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ആണ് റെഡ് അലര്‍ട്ട്. എറണാകുളെ, ഇടുക്കി,പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളില്‍ നാളെ ഓറഞ്ച അലര്‍ട്ട് പ്രഖ്യാപിച്ചു. അതി തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കില്‍ എടുത്ത് എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുക ആണ്. കോട്ടയം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുന്നു. എന്നാല്‍ നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയും. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് പെയ്തത് 103.1 മില്ലിമീറ്റര്‍ മഴ എന്ന് കാലാവസ്ഥാ കേന്ദ്രം
8. ഭവാനിപ്പുഴയില്‍ വെള്ളം ഉയര്‍ന്ന് ഒറ്റപ്പെട്ടുപോയ അട്ടപ്പാടി ഊരില്‍ നിന്ന് ഗര്‍ഭിണിയേയും കൈക്കുഞ്ഞിനെയും രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. കുട്ടനാട്ടിലേക്ക് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തം ആയതോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങള്‍. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്തേതു പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
9. കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 79 ദുരിതാശ്വാസ ക്യാമ്പുകളിലായി 8500 ഓളം പേരെ മാറ്റിപാര്‍പ്പിച്ചു. മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായി. കോഴിക്കോട് മടവൂര്‍ കോട്ടക്കലില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കൊല്ലത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ പെയ്ത മഴക്ക് ശമനം. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു
10. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാട് ഒന്നിച്ച് കാലവര്‍ഷ കെടുതിയെ നേരിടുന്നു എന്ന് മുഖ്യമന്ത്രി. ദുരന്തമുഖത്ത് ഉള്ളവര്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാന്‍ ശ്രമിക്കുന്നു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. പുത്തുമലയില്‍ ഉരുള്‍പോട്ടിയതിന് മറുഭാഗത്ത് കുടുങ്ങി കിടക്കുന്നവരെ ഉടനെ മാറ്റാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു
11. പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നു. തിരുവല്ലയില്‍ 15 ക്യാംപ് തുറന്നു. കോഴഞ്ചേരി അപകട സാധ്യത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. ഇത്തരം ഒരു സാഹചര്യത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് മുഖ്യന്റെ കര്‍ശന നിര്‍ദ്ദേശം