ന്യൂഡൽഹി: കഴിഞ്ഞ തവണ ഉണ്ടായ പ്രളയത്തിന് കേന്ദ്രം അനുവദിച്ച 2047 കോടി രൂപയിൽ 1400 കോടി കേരള സർക്കാർ ഉപയോഗിച്ചില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇത്തവണ പ്രളയ സഹായമായി ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 52.27 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും വി.മുരളീധരൻ അറിയിച്ചു. യാതൊരു സഹായ അഭ്യർത്ഥനയും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ തവണ അനുവദിച്ച തുക അവരുടെ കൈവശം ഉണ്ടെന്നും കേരളത്തിൽ പണത്തിന്റെ ദൗർലഭ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം ആവശ്യപ്പെടുന്ന സഹായങ്ങളെല്ലാം കേന്ദ്രം നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. താൻ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവിടുത്തെ സ്ഥിതിഗതികൾ ചീഫ് സെക്രട്ടറി തന്നെ അറിയിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ അറിയിച്ചു. സംസ്ഥാനത്തിന് ആവശ്യമായ സഹായം നൽകുന്നതിനായി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ദുരന്തനിവാരണ വിഭാഗവുമായി താൻ നിരന്തരം ബന്ധപെട്ടു കൊണ്ടിരിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാർ കേന്ദ്രം നൽകുന്ന സഹായങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തും എന്നാണ് താൻ കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു.